കേരള നിയമസഭ
ഒമ്പതു ദിവസം, നിയമസഭയിൽ 3574 ചോദ്യങ്ങൾ; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി ആറു മന്ത്രിമാർ
തിരുവനന്തപുരം: വയോജന ക്ഷേമ ബില്ലും മാരിടൈം ബില്ലുമടക്കം സുപ്രധാന നിയമനിർമാണങ്ങളും ഒപ്പം രാഷ്ട്രീയ വാദപ്രതിവാദങ്ങളും നിറഞ്ഞ ഒമ്പതു ദിവസത്തെ നിയമസഭ സമ്മേളനത്തിന് സമാപനം.
നക്ഷത്ര ചിഹ്നമിട്ട 270 ചോദ്യങ്ങളും നക്ഷത്ര ചിഹ്നമിടാത്ത 3204ഉം അടക്കം 3574 ചോദ്യങ്ങളാണ് ഒമ്പതു ദിവസങ്ങളിലായി അവതരിപ്പിക്കപ്പെട്ടത്. ഇതിൽ 2808 ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട മന്ത്രിമാർ മറുപടി നൽകി. നക്ഷത്ര ചിഹ്നമിട്ട 270 ചോദ്യങ്ങൾക്കും നക്ഷത്ര ചിഹ്നമിടാത്ത 2538 ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർ ഉത്തരം ലഭ്യമാക്കി.
ഭക്ഷ്യ മന്ത്രി, പട്ടിക വകുപ്പ് മന്ത്രി, മരാമത്ത് വകുപ്പ് മന്ത്രി, ജലവിഭവ മന്ത്രി, കൃഷി മന്ത്രി, തൊഴിൽ മന്ത്രി എന്നിവർ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഈ മന്ത്രിമാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മറ്റു മന്ത്രിമാരും ഇതേ മാതൃക അനുവർത്തിക്കണമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
ചോദ്യോത്തരവേളകളിൽ 31 ചോദ്യങ്ങൾ വാക്കാൽ മറുപടി നൽകുന്നതിനായി പരിഗണിക്കുകയും 293 ഉപചോദ്യങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തു. സമ്മേളനകാലത്ത് ആറ് അടിയന്തര ചോദ്യങ്ങൾക്കുള്ള നോട്ടീസ് ലഭിക്കുകയും രണ്ടെണ്ണം അനുവദിക്കുകയും ചെയ്തു.
18 ശ്രദ്ധ ക്ഷണിക്കലുകൾ സഭാ തലത്തിൽ ഉന്നയിക്കപ്പെട്ടു. 143 സബ്മിഷനുകൾ ഉന്നയിക്കുകയും മന്ത്രിമാർ മറുപടി പറയുകയും ചെയ്തു. ഒരുദിവസം 10 സബ്മിഷൻ എന്ന ചട്ടത്തിന് ചില ദിവസങ്ങളിൽ ഇളവ് നൽകി. അവസാന ദിവസം 38 സബ്മിഷനുകളാണ് അവതരിപ്പിച്ചത്.
അടിയന്തര പ്രമേയ അവതരണത്തിന് അനുമതി തേടി ഒമ്പത് നോട്ടീസുകൾ ലഭിച്ചെങ്കിലും മന്ത്രിമാരുടെ മറുപടിയുടെ അടിസ്ഥാനത്തിൽ ഒന്നിനും അനുമതി നൽകിയില്ല. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ളതടക്കം മൂന്ന് പ്രമേയങ്ങൾ സഭ പാസാക്കി.
കേരള കോർട്ട് ഫീസ് (ഭേദഗതി) ബിൽ, മദ്രാസ് ഹിന്ദു മത-ധർമ എൻഡോവ്മെന്റുകൾ (ഭേദഗതി) ബിൽ, കേരള മുതിർന്ന പൗരൻമാരുടെ പരിചരണവും അവകാശ സംരക്ഷണവും ബിൽ, കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ, കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ, കേരള മോട്ടോർ വാഹന നികുതി ചുമത്തൽ (ഭേദഗതി) ബിൽ, സമഗ്ര കേരളം ബിൽ, മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള വർധന സംബന്ധിച്ച ബിൽ, എന്നിവയാണ് സമ്മേളനകാലയളവിൽ നടന്ന പ്രധാന നിയമനിർമാണങ്ങൾ.
പുറമേ അഞ്ച് അനൗദ്യോഗിക ബില്ലുകൾക്ക് അവതരണാനുമതി തേടിയിരുന്നു. ഒമ്പത് ദിവസത്തിനിടെ 7375 സന്ദർശകർ സഭ നടപടികൾ വീക്ഷിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.