മദ്യപിച്ച് വണ്ടിയോടിച്ചാൽ പണി കിട്ടും! ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 6,939 പേരെ; ലൈസൻസ് റദ്ദാക്കൽ നടപടികളിലേക്ക്

തിരുവനന്തപുരം: മദ്യപിച്ച് വണ്ടിയോടിച്ച 2,034 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാകും. സംസ്ഥാനത്ത് ഇന്നലെ നടത്തിയ പരിശോധനയിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം ഒക്ടോബർ 20 മുതൽ 27 വരെ സംസ്ഥാനവ്യാപകമായി നടത്തിയ 'ഡ്രൈവ് സോബർ -സ്റ്റേ എലൈവ്' എന്ന പ്രത്യേക പരിശോധനയിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്യ്തു. മദ്യപിച്ച് വാഹനം ഓടിച്ചവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ ശിപാർശ ചെയ്യും. ആകെ 1,50,621 വാഹനങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്.

സംസ്ഥാനത്ത് ആകെ നടത്തിയ പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറലിലാണ്. 678 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സിറ്റിയിൽ 619, തിരുവനന്തപുരം റൂറലിൽ 585, പാലക്കാട് 584, കോട്ടയം 528 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിന് ഏറ്റവും കൂടുതൽ ശുപാർശകൾ നൽകിയത് കോട്ടയം ജില്ലയിലാണ് (507). കൊല്ലം സിറ്റിയിൽ 390, ആലപ്പുഴയിൽ 244, തൃശൂർ സിറ്റിയിൽ 148, കോഴിക്കോട് റൂറലിൽ 142 എന്നിങ്ങനെ ലൈസൻസ് റദ്ദാക്കാൻ ശിപാർശ ചെയ്തതായും പറയുന്നു.

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളും മരണങ്ങളും കുറക്കുക, ഉത്തരവാദിത്തത്തോടെയുള്ള വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഒരാഴ്ച നീണ്ടുനിന്ന പ്രത്യേക പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിയത്. പരിശോധനയോടൊപ്പം പൊതുജന ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്. തുടർ പരിശോധനകൾ നടത്താനും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഹൈവേ പട്രോൾ യൂണിറ്റുകളും എൻഫോഴ്സ്മെന്റ് വിഭാഗവും വരുന്ന ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും അറിയിച്ചു.

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഇൻസ്പെക്ടർ ജനറലിന്റെ മേൽനോട്ടത്തിൽ, ജില്ലാ പൊലീസ് മേധാവിമാർ, ട്രാഫിക് സോണൽ എസ്.പിമാർ, എൻഫോഴ്സ്മെന്റ് വിഭാഗം എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഡ്രൈവ് നടത്തിയത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ 'ശുഭയാത്ര' വാട്സ്ആപ്പ് നമ്പർ (9747001099) മുഖേന പൊതുജനങ്ങൾക്ക് വിവരം നൽകാവുന്നതാണ്. നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വിഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ എന്നിവയും സന്ദേശത്തോടൊപ്പം അയക്കേണ്ടതാണ്.

Tags:    
News Summary - Drunk Driving: 6,939 Caught in a Week, Licences to Be Cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.