രമ്യ ഹരിദാസിനെ അസഭ്യം പറഞ്ഞു; പുലർച്ചെ എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ച അജ്ഞാതനെതിരെ കേസ്

തിരുവനന്തപുരം: ചിറയിൻകീഴ് എം.എൽ.എയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിനെ ഫോണിലൂടെ അസഭ്യം പറഞ്ഞു. 27 ാം തീയതി പുലർച്ച രണ്ടിന് എം.എൽ.എ ഹോസ്റ്റലിലെ ലാൻഡ് ഫോണിലേക്കാണ് വിളിയെത്തിയത്.

രമ്യ ഹരിദാസ് ഫോൺ എടുത്തതിന് തൊട്ടുപിന്നാലെ കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യം വിളിച്ചെന്നാണ് പരാതി. ഫോൺ വിളി പലതവണ ആവർത്തിച്ചതായും പരാതിയിലുണ്ട്.

കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി എം.എൽ.എ പറയുന്നു. രമ്യയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.

ചിറയിൻകീഴിൽ കോൺഗ്രസ് പ്രദേശിക നേതാക്കളും രമ്യ ഹരിദാസുമായി അടുത്തിടെയുണ്ടായ കൈയാങ്കളി വിവാദമായിരുന്നു. സംഭവത്തില്‍ എം.എൽ.എക്ക് വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി യോഗത്തിൽ പല നേതാക്കളും ചൂണ്ടിക്കാട്ടി.

രമ്യ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ലെന്നും പ്രശ്നം വഷളാക്കിയെന്നും, ഇതുസംബന്ധിച്ച് നിയോഗിച്ച എം.എം. ഹസ്സൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ചിറയിൻകീഴിൽ കോൺ​ഗ്രസ് നേതാ​വിന്റെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ കൈയാങ്കളി ഉണ്ടായത്. പിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ രണ്ടിടത്ത് കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തു.

അതേസമയം, രമ്യ ഹരിദാസിനെതിരെ കൂന്തള്ളൂർ, കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിൽ പ്രമേയം പാസാക്കിയിരുന്നു. പ്രാദേശിക നേതൃത്വവുമായി എം.എൽ.എ യോജിച്ചു പോകണമെന്നും ആസ്തി വികസന ഫണ്ട് ഉപയോഗിക്കാനുള്ള പദ്ധതികൾ നൽകണമെന്നുമാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്.

സംഭവത്തെ തുടർന്ന് പാർട്ടി നടപടിയെടുത്ത പ്രാദേശിക നേതാവിനെ തിരിച്ചെടുക്കണം എന്നതടക്കം ആവശ്യങ്ങളും പ്രമേയത്തിൽ ഉന്നയിച്ചിരുന്നു. 

കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ കൈയാങ്കളി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നിയോഗിച്ച നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. തുടർന്ന് കെ.പി.സി.സി സമിതി എം.എൽ.എയെ വിളിപ്പിക്കുകയും ചെയ്തതാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.