പത്തനംതിട്ട: ജനുവരി 22ന് സുപ്രീംകോടതി പുനഃപരിശോധന ഹരജികൾ കേൾക്കുന്നതുവരെയെങ്കിലും ശബരിമലയിലെ സ്ത്രീപ്രവേശന വിധി നടപ്പാക്കാതിരിക്കാനുള്ള സാമാന്യ മര്യാദ മുഖ്യമന്ത്രി കാണിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ശബരിമല ആചാര സംരക്ഷണ യാത്രയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴെങ്കിലും ആ മര്യാദ കാണിച്ചില്ലെങ്കിൽ ചരിത്രം ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടിയെ രക്ഷപ്പെടുത്തില്ല. കേരളത്തിലെ 99 ശതമാനം വരുന്ന വിശ്വാസികളുടെ രോദനം കേൾക്കാൻ കഴിയാത്ത മുഖ്യമന്ത്രി ബധിരനാണോ. കേരളത്തിൽ ആരാധനയും വിശ്വാസവും ഇല്ലാതാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയപ്പോൾ ചോദിക്കാൻ ആരുമുണ്ടായില്ല. നാമജപം നടത്തുന്നവർ ക്രിമിനലുകളാണോ. അവരെക്കൊണ്ട് സെൻട്രൽ ജയിൽ നിറച്ചിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
സമ്മേളനം സ്വാമി പരിപൂർണാനന്ദ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
ദേശീയ സെക്രട്ടറി എച്ച്. രാജ, ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, എ.എൻ. രാധാകൃഷ്ണൻ, നളിൻകുമാർ, കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, കാളിദാസ ഭട്ടതിരിപ്പാട്, വിക്ടോറിയ ഗൗരി, എ.എൻ. രാജൻ ബാബു, ചേറ്റൂർ കൃഷ്ണദാസ്, മെഹബൂബ്ഖാൻ, ജെ.ആർ. പദ്മകുമാർ, പ്രകാശ്ബാബു, എം.എസ്. സമ്പൂർണ, എ.കെ. നസീർ, എം.എസ്. ശ്യംകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.