നിരപരാധിത്വം തെളിയിക്കും; മാധ്യമങ്ങള്‍ വേട്ടയാടുന്നു -അർജുൻ ആയങ്കി

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ താൻ നിരപരാധിയെന്ന് അർജുൻ ആയങ്കി. കേസിലേക്ക് പാർട്ടിയെ വലിച്ചിഴക്കേണ്ടതില്ലെന്നും അർജുൻ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റംസ് ഓഫീസിൽ നിന്ന് വൈദ്യപരിശോധനക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അർജുന്റെ പ്രതികരണം.

പുറത്ത് വന്നതായി പറയപ്പെടുന്ന തൊണ്ണൂറ് ശതമാനം വിവരങ്ങളും വ്യാജമാണ്. മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുകയാണ്. നിരപരാധിത്വം താൻ തെളിയിച്ചോളാമെന്നും അർജുൻ ആയങ്കി പറഞ്ഞു.

താൻ സി.പി.എമ്മുകാരനല്ല. വളരെ കാലമായി പാർട്ടിയുമായി ബന്ധമില്ല. മാധ്യമങ്ങൾ ദിവസങ്ങളായി തന്നെ വേട്ടയാടുകയാണെന്നും അർജുൻ ആയങ്കി പറഞ്ഞു.

അതേസമയം, സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജുൻ ആണെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചത്. വാട്സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും ഇതിന് തെളിവാണ്. തെളിവ് നശിപ്പിക്കാൻ അർജുൻ ശ്രമിച്ചതായും പതിനാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

അര്‍ജുന്‍ കരിപ്പൂരില്‍ എത്തിയത് സ്വര്‍ണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റല്‍ തെളിവുകള്‍ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞുവെന്നും കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്തില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് പങ്കുണ്ട്. സ്വര്‍ണം കടത്താനും കടത്തി കൊണ്ടു വന്ന സ്വര്‍ണം തട്ടിയെടുക്കാനും നിരവധി ചെറുപ്പക്കാരെ ഉപയോഗിക്കുന്നുണ്ട്. അ‍ര്‍ജുന്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാ‍ര്‍ അയാളുടേത് തന്നെയാണ്. സജേഷ് അര്‍ജുന്‍ ആയങ്കിയുടെ ബിനാമി മാത്രമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

സജേഷിന്‍റെ പേരില്‍ കാ‍ര്‍ വാങ്ങിയെന്ന് മാത്രമേയുള്ളൂ. ഫോണ്‍ രേഖകളെല്ലാം നശിപ്പിച്ച ശേഷമാണ് അ‍ര്‍ജുന്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. മൊഴിയെടുത്തപ്പോള്‍ കസ്റ്റംസിന് നല്‍കിതെല്ലാം കെട്ടിചമച്ച വിവരങ്ങളാണ്. അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നില്ല. ആഢംബര ജീവിതമാണ് അ‍ര്‍ജുന്‍ നയിച്ചിരുന്നത്. എന്നാല്‍ ഇതിനുള്ള വരുമാനം എന്തായിരുന്നുവെന്ന് മനസിലാകുന്നില്ലെന്നും കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കേസിൽ നേരത്തെ പിടിയിലായ മുഹമ്മദ് ഷഫീഖിനെയും അർജുൻ ആയങ്കിയേയും കസ്റ്റംസ് ഇന്ന് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് സി സജേഷിന് കസ്റ്റംസ് നോട്ടീസും നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Prove innocence, media hunting Arjun Ayanki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.