ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ പരാമർശത്തിനെതിരെ കുട്ടനാട്ടിൽ വ്യാപക പ്രതിഷേധം. വള്ളംകളി നടക്കുന്ന തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളിയതിനെത്തുടർന്ന് ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം നടന്നത്.
നിയമസഭയിൽ സബ്മിഷനിലൂടെ കുട്ടനാട് എം.എൽ.എ റെജി ചെറിയാനാണ് വള്ളംകളിയോട് അനുബന്ധിച്ച് കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന് ആവശ്യപ്പെട്ടത്. വിഷയം പരിഗണിക്കാമെന്ന് ഔദ്യോഗികമായി മറുപടി നൽകിയ മുഖ്യമന്ത്രി, മൈക്ക് ഓഫാണെന്ന് കരുതി തന്റെ സഹപ്രവർത്തകരോട് ‘ഒരുകാരണവശാലും അവധി കൊടുക്കില്ല’ എന്ന് പറയുകയായിരുന്നു.
ഈ അടക്കം പറച്ചിൽ വീഡിയോ സഹിതം പുറത്തുവന്നതോടെയാണ് പ്രതിഷേധം ആളിക്കത്തിയത്. സഭയിൽ പറഞ്ഞതിനപ്പുറം ജനങ്ങളുടെ വികാരത്തെ അവഗണിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ആരോപിച്ച് വലിയൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
കെ.യു. ജനീഷ് കുമാർ എം.എൽ.എയായിരുന്നു വിഡിയോ പുറത്തുവിട്ടത്. നിയമസഭയിൽ കുട്ടനാട് എം.എൽ.എയും യു.ഡി.എഫ് ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവുമായ റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു വി.ഡി. സതീശൻ.
കുട്ടനാടിന് പ്രാദേശിക അവധി അനുവദിക്കണമെന്ന റെജി ചെറിയാന്റെ സബ്മിഷന് ‘മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കു’മെന്നായിരുന്നു വി.ഡി. സതീശന്റെ മൈക്കിലൂടെയുള്ള മറുപടി. എന്നാൽ മറുപടിക്ക് ശേഷം സീറ്റിൽ ഇരുന്ന മുഖ്യമന്ത്രി അടുത്തിരുന്ന മന്ത്രിയോട് ‘ഒരു കാരണവശാലും അവധി കൊടുക്കില്ല’ എന്ന് പറയുന്നതിന്‍റെ വീഡിയോ പുറത്താകുകയായിരുന്നു.
‘ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത... ബഹു. അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പ്.’ എന്ന അടിക്കുറിപ്പോടെയാണ് കെ.യു. ജനീഷ് കുമാർ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മിഥുനത്തിലെ മൂലം നാളിൽ പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.