കടകൾ തുറക്കുന്നതിൽ തീരുമാനം ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പ്രതിഷേധം -വ്യാപാരി വ്യവസായി ഏകോപനസമിതി

കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസറുദ്ദീന്‍. പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാൻ അനുവദിക്കണം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി എം.വി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ നേതൃത്വത്തിന്‍റെ അറിവോടെയല്ല ഇന്ന് കോഴിക്കോട്ട് വ്യാപാരികൾ പ്രതിഷേധിച്ചത്. സര്‍ക്കാറുമായുള്ള ചര്‍ച്ചയാണ് സംഘടനയുടെ വഴി. മന്ത്രി എം.വി ഗോവിന്ദന്‍റെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്നും നസറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അശാസ്ത്രീയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നവശ്യപ്പെട്ട് കോഴിക്കോട് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കിഡ്സൺ കോർണറിൽ പ്രതിഷേധ സമരം നടത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌ വിങ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കട അടക്കാൻ അഞ്ചു മിനിറ്റ് വൈകിയാൽ പോലും പൊലീസ് പിഴ ഈടാക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു.

കോഴിക്കോട് നഗരം സി കാറ്റഗറിയിലായതിനാൽ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. അതേസമയം, വ്യാപാരികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. വിഷയം പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Protest from Thursday if no decision is taken on opening shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT