ഭാരതാംബ വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം
കോഴിക്കോട്: ഭാരതാംബ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് തളിയിലെ ജൂബിലി ഹാളിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
എന്നാൽ, അവിടെയുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടാവുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റുകയായിരുന്നു. എന്നാൽ പിന്നീടും യുവമോർച്ച പ്രവർത്തകർ പരിസരത്ത് കൂടി നിന്നത് പൊലീസ് വിരട്ടി ഓടിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാജ്ഭവനിലെ സർക്കാർ പരിപാടിയിൽ വീണ്ടും ആർ.എസ്.എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഇടംപിടിച്ചതിനെ തുടർന്ന്, ശക്തമായ പ്രതിഷേധമറിയിച്ച് നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് ദാന ചടങ്ങിലാണ് പ്രതിഷേധമുണ്ടായത്. പരിപാടിക്കെത്തിയ കുട്ടികളിൽ വർഗീയത തിരുകിക്കയറ്റാൻ ശ്രമിച്ചെന്നും രാജ്ഭവൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുടുംബസ്വത്തല്ലെന്നും മന്ത്രി ഗവർണർക്കെതിരെ മാധ്യമങ്ങൾക്കുമുന്നിൽ കടുത്ത വിമർശനവും നടത്തി.
കോഴിക്കോട്ട് യുവമോർച്ച പ്രവർത്തകരെ എസ്.എഫ്.ഐക്കാർക്ക് മർദിക്കാനായി പൊലീസുകാർ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് മർദിച്ചത് എന്ന് കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ.പി. പ്രകാശ് ബാബു പറഞ്ഞു.
എന്നാൽ, ‘എ.ബി.വി.പി വിദ്യാർഥികൾ ദേശീയ പതാക വലിച്ചു കീറി. തന്റെ കാറിന് മുൻപിൽ ചാടി വീണ പ്രവർത്തകരെ അയച്ചത് രാജ്ഭവൻ നിയന്ത്രിക്കുന്ന ആർ.എസ്.എസ് ആണെന്നും’ മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.