പുരസ്കാരങ്ങൾ കാണിച്ച് കലാകാരന്മാരെ വരുതിയിലാക്കാനാവില്ലെന്ന് പു.ക.സ

തിരുവനന്തപുരം: പുരസ്കാരങ്ങൾ കാണിച്ച് കലാകാരന്മാരെ വരുതിയിലാക്കാനാവില്ലെന്ന് പുരോഗമന കലാസാഹിത്യസംഘം. പത്മഭൂഷൻ ബഹുമതി വേണമെങ്കിൽ തൃശൂരിലെ ബി.ജെ.പി.സ്ഥാനാർഥി സുരേഷ് ഗോപിയെ വീട്ടിൽ സ്വീകരിക്കണം എന്ന സംഘപരിവാർ ഭീഷണിയെ തള്ളിക്കളഞ്ഞ കഥകളിയാചാര്യൻ കലാമണ്ഡലം ഗോപിയെ പുരോഗമന കലാസാഹിത്യസംഘം അഭിവാദ്യം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡണ്ട് ഷാജി എൻ. കരുൺ, ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

ലോകത്തിലെ മുഴുവൻ കലാപ്രവർത്തകരുടേയും ആത്മാഭിമാനത്തെയാണ് ആശാൻ ഇവിടെ സംരക്ഷിച്ചത്. അതിലൂടെ എല്ലാവിധ ബഹുമതികൾക്കും അതീതനായി കലാകേരളത്തിൻ്റെ അഭിമാനവും പര്യായവുമായി അദ്ദേഹം മാറിക്കഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷനേതാക്കളേയും മാധ്യമമേധാവികളേയും ഇ.ഡി.പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വിരട്ടി വരുതിയിലാക്കാനാണ് കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നത്.

കലാകാരന്മാരെ വിരട്ടാൻ പദവികളും സ്ഥാനങ്ങളും പുരസ്കാരങ്ങളുമാണ് ആയുധം എന്നവർ കരുതുന്നു. യഥാർഥ കലാകാരൻ പുരസ്കാരങ്ങളിൽ മോഹിതനായി അധികാരത്തിൻറെ പിറകെ നടക്കുന്നവനല്ല എന്ന സത്യം ബി.ജെ.പി.ക്കാർ മനസിലാക്കണം. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അധികാരകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന പുരസ്കാരങ്ങൾ അപമാനകരമായിട്ടാണ് അവർ കരുതുന്നത്‌.

മതത്തെ രാഷ്ട്രീയായുധമാക്കി രാജ്യത്തെ വിഭജിക്കാനും സംഘർഷഭൂമിയാക്കാനുമുള്ള സംഘപരിവാർ ശ്രമങ്ങളെ എഴുത്തുകാരും കലാകാരന്മാരും ശക്തമായി പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. ത്യാഗനിർഭരമായ ആ സാംസ്കാരിക ദൗത്യത്തിന് ഗോപിയാശാൻ്റെ സമീപനം കരുത്തു പകരമെന്നും പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - Progressive Art Literary Sangam said that the artists cannot be roasted by showing the awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT