'െപ്രാഫ. കെ.എ.സിദ്ദീഖ്​ ഹസൻ വാക്കുകൾക്ക് അതീത വ്യക്തിത്വം'

 ലത്തീഫ് ഒറ്റത്തെങ്ങിൽ

ഏകദേശം മൂന്നര ദശാബ്ദങ്ങൾക്ക് മുമ്പ് ഹൃസ്വമായ ഒരു കാലയളവിൽ മാധ്യമം ദിനപത്രത്തിെൻറ കോഴിക്കോട് ആസ്​ഥാന ഓഫീസിൽ പ്രവർത്തിക്കുവാൻ അവസരം ലഭിച്ചപ്പോഴാണ് െപ്രാഫ. കെ.എ.സിദ്ദീഖ് ഹസൻ സാഹിബിനെ ഞാൻ അടുത്തറിയുന്നത്. വാക്കുകൾക്ക് അതീതമായ വ്യക്തിത്വത്തിെൻറ ഉടമയായ ആ കൃശഗാത്ര​െൻറ ദീർഘവീക്ഷണവും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനും വീഴ്ച കൂടാതെ നിർവ്വഹിക്കാനുമുള്ള സന്നദ്ധതയും, ഉയർന്ന ചിന്തയും ലളിതമായ ജീവിതശൈലിയും പ്രാരംഭകാലത്ത് മാധ്യമം നേരിട്ട സങ്കീർണ്ണമായ വെല്ലുവിളികളെ അതിജീവിക്കുവാൻ ഒട്ടേറെ സഹായിച്ചിട്ടുണ്ട്.

ഏതൊരു പ്രവൃത്തിയുടേയും ലക്ഷ്യവും മാർഗ്ഗവും ന്യായീകരിക്കണമെന്ന ഗാന്ധിയൻ സിദ്ധാന്തത്തിെൻറയും, വാക്കും പ്രവൃത്തിയും തമ്മിൽ അന്തരം ഉണ്ടാകരുതെന്ന പ്രവാചക നിഷ്ഠയുടേയും സമന്വയമായിരുന്നു കർമ്മയോഗിയായ ഈ മാതൃകാ മനുഷ്യ​െൻറ ജീവിതം. പ്രതിസന്ധികളെ ആത്്മവിശ്വാസത്തോടെ നേരിടാനും അതിന് പ്രായോഗിക പരിഹാരം നിർദ്ദേശിക്കുവാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് പ്രശംസനീയമാണ്.

വൈക്കം മുഹമ്മദ് ബഷീർ, പി.കെ.ബാലകൃഷ്ണൻ, കെ.എ.കൊടുങ്ങല്ലൂർ തുടങ്ങിയ പ്രതിഭാധനർക്കൊപ്പം മാധ്യമത്തിെൻറ അമരക്കാരുടെ േശ്രണിയിൽ സിദ്ദീഖ് ഹസൻ സാഹിബിെൻറ നാമവും ചേർത്തു വായിക്കപ്പെടേണ്ടതായിട്ടുണ്ട്. 1987 ജൂണിൽ മാധ്യമം പിറവിയെടുക്കുന്നതിന് മുമ്പുള്ള അതിെൻറ ഗർഭസ്​ഥവേളയിലും, പിറവിക്ക് ശേഷമുള്ള ശൈശവദിശയിലും ഐഡിയൽ പബ്ലിക്കേഷൻസ്​ ട്രസ്റ്റ് സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും അനുഭവിച്ച ആത്്മസംഘർഷങ്ങളും വിവരണാതീതമാണ്. പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടുകയും പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുകയെന്നത് അദ്ദേഹത്തിെൻറ സവിശേഷ ശൈലിയായിരുന്നു. പ്രസിദ്ധീകരണം ആരംഭിച്ച് കുറഞ്ഞ നാളുകൾക്കുള്ളിൽ സാമ്പത്തിക പ്രതിസന്ധി മൂലം പത്രത്തിെൻറ മുന്നോട്ടുള്ള പ്രയാണം അസാധ്യമായൊരു സാഹചര്യത്തിൽ ശുഭാപ്തി വിശ്വാസത്തോടെ ആ സ്​ഥാപനത്തെ മുന്നോട്ടു നയിക്കുവാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും, ത​െൻറ ജീവിതം തന്നെ ആ സ്​ഥാപനത്തിന് സമർപ്പിച്ച് കുറഞ്ഞ നാളുകൾക്കുള്ളിൽ ലക്ഷ്യം കൈവരിക്കുകയും ചെയ്തത് മാധ്യമത്തിെൻറ ആദ്യകാല പ്രവർത്തകർ വികാര വായ്പോടെ എന്നെന്നും ഓർക്കും.

ഓരോ ദിവസത്തേയും അച്ചടിയ്ക്ക് ആവശ്യമായ ന്യൂസ്​ പ്രിൻറ് വാങ്ങുന്നതിനായി പത്രക്കെട്ട് കൊണ്ടുപോകുന്ന ജീപ്പിൽ കോഴിക്കോട് നിന്നും എറണാകുളത്തേക്ക് രാവുകളെ പകലുകളാക്കി അദ്ദേഹം നടത്തിയിട്ടുള്ള യാത്രകൾ വിസ്​മയകരമായ ഓർമ്മകളാണ്. ഒരു ലക്ഷം രൂപയ്ക്ക് മേൽ വിലവരുന്ന ഒരു ലോഡ് ന്യൂസ്​ പ്രിൻറ് വാങ്ങുന്നതിന് മാധ്യമത്തിലെ വരുമാനം മിക്കപ്പോഴും തികയുമായിരുന്നില്ല. ഈ വിഷമ സന്ധിയിൽ പത്രത്തിെൻറ അഭ്യുദയകാംക്ഷികളായ കോഴിക്കോട്ടെ വ്യാപാര പ്രമുഖരിൽ നിന്നും പണം കടം വാങ്ങുക മാത്രമായിരുന്നു പോംവഴി. ഈ തുക ഒരു ചെറിയ ബാഗിലാക്കി കക്ഷത്ത് ഇടുക്കിപ്പിടിച്ചു കൊണ്ടായിരിക്കും എറണാകുളത്തേക്കുള്ള യാത്ര. കോഴിക്കോട് നിന്നും പണം സ്വരൂപിക്കുവാൻ കഴിയാതെ വന്നാൽ പത്രവണ്ടിയിൽ തൃശൂർ ഇറങ്ങും. എന്നിട്ട് പുലർച്ചെ അവിടെ നിന്നും കൊടുങ്ങല്ലൂരിൽ എത്തി അവിടെയുള്ള അദ്ദേഹത്തിെൻറ സുഹൃത്തുക്കളിൽ നിന്നും പൈസയും സമാഹരിച്ചുകൊണ്ടാവും എറണാകുളത്തേക്ക് പുറപ്പെടുക.

രാവിലെ 10 മണിയോടെ എറണാകുളത്തെ സി ആൻറ് എഫ് ഏജൻറിെൻറ ഓഫീസിൽ പൈസ എത്തിച്ച് അവിടെ നിന്നും ഉച്ചയ്ക്ക് മുമ്പ് ലോഡ് കയറ്റിവിട്ടാൽ മാത്രമേ അന്നത്തെ പത്രം ഷെഡ്യൂൾ പ്രകാരം അച്ചടിക്കുവാൻ സാധിക്കുമായിരുന്നുള്ളു. കൊച്ചിയിൽ നിന്നും ന്യൂസ്​ പ്രിൻറ് എത്തുവാൻ വൈകിയാൽ അന്നത്തെ ദിവസം മലബാർ എക്സ്​പ്രസ്സിൽ തിരുവിതാംകൂർ ഭാഗത്തേക്ക് പോകേണ്ട സൗത്ത് എഡിഷൻ റദ്ദ് ചെയ്യേണ്ടി വരുമായിരുന്നു. ഒരു ലോഡ് ന്യൂസ്​ പ്രിൻറ് കോഴിക്കോട് എത്തിക്കഴിഞ്ഞാൽ മുൻ ദിവസങ്ങളിൽ മറ്റു പത്രസ്​ഥാപനങ്ങളിൽ നിന്നും കടം വാങ്ങിയ റീലുകൾ മടക്കി നല്കേണ്ടി വരും. പിന്നീട് ഏറിയാൽ ഒന്നോ രണ്ടോ ദിവസത്തേക്ക് ആവശ്യമായ ന്യൂസ്​ പ്രിൻറ് റീലുകൾ മാത്രമാകും അവശേഷിക്കുക. ഈ കാലയളവിനുള്ളിൽ വീണ്ടും പണം കടം വാങ്ങാനും, പത്രക്കെട്ടിന് മുകളിൽ മയങ്ങി എറണാകുളത്തേക്ക് യാത്ര പോകാനുമായിരിക്കും അദ്ദേഹത്തിെൻറ നിയോഗം. മിനിമം ഒരു ലോഡ് ന്യൂസ്​ പ്രിൻറ് മാധ്യമത്തിെൻറ കരുതലിൽ സ്​ഥിരമായി ഉണ്ടാക്കിയെടുക്കണമെന്ന അദ്ദേഹത്തിെൻറ ലക്ഷ്യസാക്ഷാത്ക്കാരത്തിന് ഇങ്ങിനെയുള്ള എത്രയെത്ര യാത്രകളുടെ കഥകൾ പറയാനുണ്ട്.

മനഃസാന്നിദ്ധ്യം വെടിയാതെ ഏതു പ്രതിസന്ധിയേയും നേരിടുവാനും പരിഹാരം കണ്ടെത്തുവാനുമുള്ള അദ്ദേഹത്തിെൻറ കഴിവ് ശ്ളാഘനീയമാണ്. ൈക്രസിസ്​ മാനേജ്മെൻറിെൻറ നൂതനമായ പല തിയറികളും അദ്ദേഹത്തിൽ നിന്നും നമുക്ക് പഠിക്കുവാനുണ്ട്. പ്രായോഗികമായ ഈ അറിവ് പാഠപുസ്​തകങ്ങളിൽ നിന്നും ലഭിക്കുന്നവയല്ല. ഒരിയ്ക്കൽ അർധരാത്രിയിൽ ന്യൂസ്​ പ്രിൻറ് വാങ്ങുവാനായി എറണാകുളത്തേക്ക് പോകുന്നതിന് തയ്യാറാകുന്ന വേളയിലാണ് മുക്കം–ചേന്ദമംഗല്ലൂർ ഭാഗത്ത് കാലവർഷത്തെ തുടർന്ന് ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നുവെന്നും, അദ്ദേഹത്തിെൻറ വീടിന് ചുറ്റുമുള്ള താമസക്കാരെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നും ഭാര്യ വിളിച്ചറിയിച്ചത്. കുടുംബാംഗങ്ങൾക്ക് സുരക്ഷിത താവളത്തിലെത്താൻ ഒരു വള്ളം ഏർപ്പാടാക്കി കൊടുത്ത ശേഷം യാതൊരു വിധ ഭാവഭേദമോ പരിഭ്രാന്തിയോ കൂടാതെ മുൻനിശ്ചയ പ്രകാരം അദ്ദേഹം എറണാകുളത്തിന് പോവുകയും മാധ്യമത്തിെൻറ ദൗത്യം നിറവേറ്റുകയും ചെയ്തു. മൊബൈൽ ഫോൺ പ്രചാരത്തിലില്ലാത്ത അക്കാലത്ത് അടുത്ത ദിവസങ്ങളിൽ ഓഫീസിൽ വിളിച്ച് സ്​ഥിതിഗതികൾ അന്വേഷിക്കുകയും കുടുംബത്തിെൻറ വിവരങ്ങൾ ആരായുകയും ചെയ്യുന്നതൊഴികെ യാതൊരു ആകുലതകളും അദ്ദേഹത്തെ അലട്ടിയില്ല. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്നതായിരുന്നു ഏതു വിഷയത്തിലുമുള്ള അദ്ദേഹത്തിെൻറ നിലപാട്. കൊച്ചിയിൽ നിന്നും മടങ്ങിയെത്തിയ അദ്ദേഹത്തിന് പ്രതികൂല കാലാവസ്​ഥ മൂലം രണ്ടു ദിവസം കൂടി കഴിഞ്ഞാണ് കുടുംബത്തോടൊപ്പം സംഗമിക്കുവാൻ കഴിഞ്ഞത്.

സ്വകാര്യ ആവശ്യങ്ങൾക്ക് സ്​ഥാപനത്തിെൻറ ഫണ്ട് വിനിയോഗിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. യാത്രാചെലവും മറ്റും അപൂർവ്വമായി മാത്രമാണ് അദ്ദേഹം സ്​ഥാപനത്തിൽ നിന്നും കൈപ്പറ്റിയിരുന്നത്. അനാവശ്യ ചെലവുകൾ ചുരുക്കി സ്​ഥാപനത്തിെൻറ ദൈനംദിന ആവശ്യങ്ങൾക്കുള്ള ഫണ്ട് ഉറപ്പാക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നു.

തൊഴിലാളി–മുതലാളി ബന്ധത്തിനപ്പുറം വൈകാരികമായ കൂട്ടായ്മയുടെ ഒരു പുത്തൻ തൊഴിൽ സംസ്​കാരം മാധ്യമം പത്രസ്​ഥാപനത്തിൽ സൃഷ്​ടിച്ചെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. സ്​ഥാപന മേധാവി എന്ന സാങ്കേതിക പദത്തിലുള്ള വിശേഷണം അദ്ദേഹം ഇഷ്​ടപ്പെട്ടിരുന്നില്ല. എന്നാൽ ജീവനക്കാർക്കിടയിൽ സ്​നേഹവും വാത്സല്യവും ചൊരിയുന്ന പിതൃതുല്ല്യനോ, ഗുരുസ്​ഥാനീയനോ, ജ്യേഷ്ഠസഹോദനോ ഒക്കെ ആയ ഒരു കാരണവരായിരുന്നു അദ്ദേഹം. ആത്്മാർത്ഥതയും കഴിവുമുള്ള ജീവനക്കാരെ അദ്ദേഹം അളവറ്റ് േപ്രാത്സാഹിപ്പിച്ചു. വസ്​തുതകൾ ആരായാതെയും നിജസ്​ഥിതി ബോധ്യപ്പെടാതെയും ഒരു ജീവനക്കാരനെയും അദ്ദേഹം കുറ്റപ്പെടുത്തുമായിരുന്നില്ല. മാധ്യമത്തെയും പ്രസ്​ഥാന പ്രവർത്തകരെയും കൂട്ടി യോജിപ്പിച്ച് പ്രസിദ്ധീകരണത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തിന് അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ അദ്ദേഹം അതീവ ജാഗ്രവത്തായിരുന്നു. പ്രസ്​ഥാന പ്രവർത്തകർക്ക് ലഭിച്ച ഈ അംഗീകാരം മാധ്യമത്തെ ഒരു വികാരമായി നെഞ്ചിലേറ്റുവാൻ അവരെ േപ്രരിപ്പിച്ചു.

എെൻറ അശ്രദ്ധ കൊണ്ടുണ്ടായ നിസ്സാരമായ ഒരു വീഴ്ചയ്ക്ക് ഒരിക്കൽ പബ്ലിഷർ വി.കെ.ഹംസ സാഹിബ് എന്നെ വല്ലാതെ ശകാരിച്ചു. വിഷണ്ണനായ ഞാൻ കാര്യങ്ങൾ വിശദീകരിക്കുവാൻ തുടങ്ങുമ്പോഴേക്കും മാനേജ്മെൻറ് പ്രതിനിധികളുടെ ആ മീറ്റിംഗിൽ എെൻറ സംരക്ഷകനാകുവാൻ സ്വമേധയാ സിദ്ദീഖ് സാഹിബ് തുനിഞ്ഞതും, എനിക്ക് വേണ്ടി മറുവാദം ഉന്നയിച്ചതും ഇന്നും ഞാൻ കൃതാർത്ഥതയോടെ ഓർത്തു പോകുന്നു. എന്നെ മാധ്യമവുമായി അടുപ്പിച്ചതും അനുകൂല അവസരം വന്നപ്പോൾ അവിടെ നിന്നും വിടുതൽ ചെയ്യുന്നതിന് േപ്രരിപ്പിച്ചതും അദ്ദേഹമാണ്. മാധ്യമത്തിലെ ഔദ്യോഗിക ജീവിത കാലയളവിൽ രണ്ടു തവണ എനിക്ക് പി.എസ്​.സി വഴി പൊതുമേഖലാ സ്​ഥാപനങ്ങളിൽ നിയമനം ലഭിച്ചു. ഈ രണ്ടു തവണയും ആത്്മവിശ്വാസം പകർന്നു തന്ന് മാധ്യമത്തിൽ തന്നെ തുടരുവാൻ എന്നെ നിർബന്ധിതമാക്കിയത് സിദ്ദീഖ് സാഹിബായിരുന്നു. എന്നാൽ തൊഴിൽ വകുപ്പിൽ അസിസ്റ്റൻറ് ലേബർ ഓഫീസറായി നിയമനം ലഭിച്ചപ്പോൾ മാധ്യമത്തിലെ തൊഴിൽ ഉപേക്ഷിച്ച് സർക്കാർ സർവ്വീസിൽ പ്രവേശിക്കുവാനാണ് അദ്ദേഹം എന്നോട് നിർദ്ദേശിച്ചത്. ആ തസ്​തികയിൽ പ്രവേശിച്ചാൽ ഭാവിയിൽ ലഭിക്കാവുന്ന െപ്രാമോഷൻ സാദ്ധ്യതകളും അധികാരവ്യാപ്തിയും വിലയിരുത്തിയ ശേഷമാണ് അത്തരമൊരു ഉപദേശം അദ്ദേഹം നൽകിയത്. മനസ്സില്ലാ മനസ്സോടെയായിരുന്നു അന്ന് മാധ്യമത്തിലെ ജോലി രാജി വെച്ചത്. എന്നാൽ സിദ്ദീഖ് സാഹിബിെൻറ ആ തീരുമാനം ശരിയായിരുന്നുവെന്ന് പില്ക്കാലത്തെ സർവ്വീസിലെ എെൻറ വ്യക്തിഗത നേട്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കളങ്കമില്ലാത്ത ആ മനസ്സിെൻറ ഉടമയ്ക്ക് ഒരായിരം നന്ദി.

 ലത്തീഫ് ഒറ്റത്തെങ്ങിൽ

 മാധ്യമത്തിെൻറ ലോഗോയിൽ ചിത്രീകരിച്ചിട്ടുള്ള വെള്ളരിപ്രാവിനെ അനന്തവിഹായസ്സിലേക്ക് പറത്തിവിട്ട മനുഷ്യസ്​നേഹികളായ ത്രിമൂർത്തികളാണ് കെ.സി.അബ്ദുല്ലാ മൗലവി, വി.കെ.ഹംസ സാഹിബ്, െപ്രാഫ.കെ.എ.സിദ്ദീഖ് ഹസൻ സാഹിബ് എന്നിവർ. ഇവർ മൂവരും ആദരണീയരും മാധ്യമത്തിെൻറ പിന്നാമ്പുറത്ത് പരസ്​പരപൂരകങ്ങളായി പ്രവർത്തിച്ച മഹനീയ വ്യക്തിത്വങ്ങളുമാണ്. ഈ മൂവരിൽ സംഘാടക ശേഷി, നേതൃപാടവം, ദീർഘവീക്ഷണം, വിനയം, സഹജീവി സ്​നേഹം, ലാളിത്യം തുടങ്ങിയ ഗുണപരമായ കാര്യങ്ങളിൽ സിദ്ദീഖ് സാഹിബ് പ്രഥമ ഗണനീയനാവുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ മാധ്യമത്തിെൻറ ലോഗോയിലെ ഇരുചിറകുകളാണ് കെ.സി.യും, ഹംസ സാഹിബുമെങ്കിൽ ഈ ചിറകുകൾ ചലിപ്പിക്കുന്നതിനാവശ്യമായ ഊർജ്ജം പകർന്നു നല്കിയ അദൃശ്യനായിരുന്നു സിദ്ദീഖ് സാഹിബ്.

(മാധ്യമം പേഴ്സണൽ ഓഫീസറായിരുന്ന ലേഖകൻ സംസ്​ഥാന തൊഴിൽ വകുപ്പിലെ റിട്ട. ജോയിൻറ് ലേബർ കമ്മീഷണറാണ്)

Tags:    
News Summary - Prof KA Siddique Hassans personality beyond words

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.