'പ്രിയദർശിനി' പദ്ധതി ഭരണഘടനാ ലംഘനം! ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു

എറണാകുളം: യു.ഡി.എഫ് സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനമായി കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് നടപ്പിലാക്കിയ സൗജന്യ യാത്ര പദ്ധതി 'പ്രിയദർശനി'ക്കെതിരെ ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

സമത്വത്തിനും ലിംഗഭേദത്തിനും വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് പ്രധാന ആരോപണം. കൂടാതെ, ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ, ദിവസ വേതനക്കാരനായ പുരുഷൻ അതേ ബസിൽ ടിക്കറ്റ് നൽകേണ്ടി യാത്ര ചെയ്യുന്നത് ഒരു ജനാതിപത്യ രാജ്യത്ത് അനുവദനീയമല്ല. വരുമാന പരിധി, താമസ യോഗ്യത, ഒരു നിർദ്ദിഷ്ട ക്ഷേമ ലക്ഷ്യം എന്നിവ പരിഗണിക്കാതെ ലിംഗ ഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു.

കെ.എസ്.ആർ.ടി.സിയുടെ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി പദ്ധതി’ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ചടങ്ങിൽ ഗതാഗത മന്ത്രി പി.സി. ജോൺ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക ഉദ്‌ഘാടനം കൂടാതെ ജില്ലാ തലങ്ങളിലും പദ്ധതിയുടെ ഉദ്‌ഘാടനം വിപുലമായാണ് നടത്തിയത്.

അതേസമയം, സർക്കാർ അധികാരത്തിലേറിയ ആദ്യ ദിനം തന്നെ, ഒരു പഠനവും പദ്ധതിയുടെ ആഘാതം വിലയിരുത്താതെയും തെരഞ്ഞെടുപ്പ് വാഗ്ദാനം നേരിട്ട് സർക്കാർ ഉത്തരവാക്കി മാറ്റിയത് ഭരണഘടനാ ലംഘനമാണെന്ന് ഹരജിക്കാരൻ പറഞ്ഞു. എറണാകുളം സ്വദേശി ആയ മുഹമ്മദ് ഫിർദൗസ് അഡ്വ. ഷമീം അഹമ്മദ് മുഖേനയാണ് ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തിരിക്കുന്നത്.

Tags:    
News Summary - Priyadarshini project violates the constitution Writ petition filed in the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.