തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള ബിൽ ഇപ്പോൾ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതിന്റെ മുന്നോടിയായി കരട് ബിൽ അംഗീകാരത്തിനായി അടുത്ത മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്കെത്തിയേക്കും. കഴിഞ്ഞ മന്ത്രിസഭ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അടുത്ത യോഗത്തിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്തെ എട്ട് സർവകലാശാലകളുടെ നിയമനങ്ങളിൽ ഭേദഗതി നിർദേശിക്കുന്ന മറ്റൊരു ബില്ലും നടപ്പ് സഭാസമ്മേളനത്തിൽ അവതരിപ്പിക്കും. ഇതിന്റെ കരടിന് മന്ത്രിസഭ യോഗം ഇതിനകം അനുമതി നൽകിയിട്ടുണ്ട്. വിദ്യാർഥി പ്രവേശനത്തിൽ സംവരണത്തിന് വ്യവസ്ഥയും ഫീസ് നിർണയത്തിൽ നിയന്ത്രണമില്ലാതെയുമാണ് സ്വകാര്യ സർവകലാശാല കരട് ബിൽ തയാറാക്കിയിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപകർ കടന്നുവരുമ്പോൾ സാമൂഹികനീതി ഉറപ്പാക്കണമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഉൾപ്പെടെ സംവരണത്തിന് വ്യവസ്ഥ ഉൾപ്പെടുത്തിയത്. എന്നാൽ, ഫീസിൽ സർക്കാർ നിയന്ത്രണമുണ്ടാകില്ല. ഇതര സംസ്ഥാനങ്ങളിലും ഫീസിൽ സർക്കാർ നിയന്ത്രണമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച ട്രാക്ക് റെക്കോഡുള്ള ഏജൻസികളെയാകും സ്വകാര്യ സർവകലാശാല ആരംഭിക്കാൻ പരിഗണിക്കുക. ഇതിനായി സർവകലാശാല സ്പോൺസറിങ് ഏജൻസി സർക്കാറിന് അപേക്ഷ സമർപ്പിക്കണം. വ്യക്തമായ പ്രോജക്ട് റിപ്പോർട്ട് സഹിതമായിരിക്കണം അപേക്ഷ. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഒരു സർവകലാശാല മുൻ വൈസ് ചാൻസലർ ഉൾപ്പെടെ സർക്കാർതല വിദഗ്ധ സമിതി അപേക്ഷകളിൽ പരിശോധന നടത്തി ശിപാർശ സമർപ്പിക്കും.
സർക്കാർ അനുമതിയായാൽ യു.ജി.സിക്ക് അപേക്ഷ സമർപ്പിച്ച് സർവകലാശാലക്ക് അംഗീകാരം നേടാം. സ്പോൺസറിങ് ഏജൻസികൾ സർവകലാശാല ആരംഭിക്കാൻ നിശ്ചിത തുക എൻഡോവ്മെൻറ് ഫണ്ടായി നിക്ഷേപിക്കണം. 15 കോടി രൂപയാണ് ഇതിനായി നിർദേശിച്ചിട്ടുള്ളത്.
സ്വകാര്യ സർവകലാശാല തുടങ്ങുന്നതിന് ചുരുങ്ങിയത് 20 ഏക്കർ ഭൂമിയുണ്ടാകണമെന്നായിരുന്നു ആദ്യ കരട് ബില്ലിലെ വ്യവസ്ഥ. എന്നാൽ, യു.ജി.സി, ദേശീയ മെഡിക്കൽ കമീഷൻ, എ.ഐ.സി.ടി.ഇ തുടങ്ങിയ ദേശീയ റെഗുലേറ്ററി സംവിധാനങ്ങൾ നിർദേശിച്ച അളവിൽ ഭൂമിയുണ്ടാകണമെന്ന രീതിയിലേക്ക് ഇത് മാറ്റി. വൈസ്ചാൻസലർ, അധ്യാപക നിയമനങ്ങൾക്കെല്ലാം യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യത വേണം. ഗവേണിങ് കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ, ഫിനാൻസ് കൗൺസിൽ തുടങ്ങിയ ഭരണ, അക്കാദമിക സമിതികൾ നിശ്ചിത ഘടനയോടെ രൂപവത്കരിക്കണം.
സ്വകാര്യ സർവകലാശാലകൾ നിയമം ലംഘിച്ച് പ്രവർത്തിച്ചാൽ അന്വേഷണം നടത്തി അംഗീകാരം റദ്ദാക്കുന്നതുൾപ്പെടെ വ്യവസ്ഥകളും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുകയും റിപ്പോർട്ട് പ്രകാരം നടപടിക്കായി യു.ജി.സിയെ അറിയിക്കുകയും വേണം.
സംസ്ഥാനത്തെ സർവകലാശാലകൾക്ക് വിദേശത്ത് ഉൾപ്പെടെ പഠന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള വ്യവസ്ഥ സർവകലാശാല നിയമഭേദഗതി ബില്ലിന്റെ കരടിൽ നിന്നൊഴിവാക്കി. ഇതുസംബന്ധിച്ച് മന്ത്രിസഭ യോഗത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെതാണ് ഈ വ്യവസ്ഥ നീക്കിയത്. നിലവിൽ സർവകലാശാലകൾക്ക് അവയുടെ അധികാര പരിധിക്കകത്ത് മാത്രമേ പഠന കേന്ദ്രങ്ങൾ തുടങ്ങാനാകൂ. ഗൾഫിൽ ഉൾപ്പെടെ പഠന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് രാജ്യത്തിന് പുറത്ത് ഉൾപ്പെടെ പഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ കരട് ബില്ലിൽ വ്യവസ്ഥ കൊണ്ടുവന്നത്. ഇതിനായി കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളുടെ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.