സ്മാർട്ടായി കെ സ്മാർട്ട്; ഒന്നാമത് മലപ്പുറം, എറണാകുളം രണ്ടാമത്

മലപ്പുറം: തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കിയ കെ സ്മാർട്ട് വഴിയുള്ള സേവനങ്ങളുടെ എണ്ണത്തിൽ വൻ കുതിപ്പ്. നൽകിയ സേവനങ്ങളുടെ പട്ടികയിൽ മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തദ്ദേശ വകുപ്പ് 2026 ജനുവരി വരെയുള്ള പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് 9.14 ലക്ഷം എണ്ണം സേവനങ്ങൾ നൽകിയാണ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയത്. ജനന-മരണ-വിവാഹ രജിസ്ട്രേഷൻ, ലൈസൻസ് നൽകൽ, കെടിട്ട നിർമാണ അനുമതി, വസ്തു നികുതി, ഫയൽ മാനേജ്മെന്റ് തുടങ്ങിയവയാണ് കെ. സ്മാർട്ട് വഴി നൽകുന്ന സേവനങ്ങൾ.

ഇതിൽ ജനന രജിസ്ട്രേഷൻ, തിരുത്തൽ വരുത്തൽ, പ്ലാൻ തയാറാക്കൽ, കെട്ടിട മാറ്റം, ബി.പി.എൽ സർട്ടിഫിക്കറ്റ്, വ്യവസായ ലൈസൻസ്, പൂർത്തീകരണപത്രം, പൊതു അനുമതി, വ്യവസായ ലൈസൻസ് പുതുക്കൽ, കെട്ടിടാനുമതി, കുട്ടികളുടെ പേര് തിരുത്തൽ, പേര് ചേർക്കൽ, റസിഡൻസ് സർട്ടിഫിക്കറ്റ്, നികുതി പുനർ നിർണയം തുടങ്ങിയവ സേവനങ്ങളാണ് കൂടുതൽ നൽകിയത്.

പട്ടികയിൽ എറണാകുളം ജില്ലയാണ് രണ്ടാമത്. 9,02 ലക്ഷം സേവനങ്ങളാണ് എറണാകുളത്ത് നൽകിയത്. തിരുവനന്തപുരം 7.71 ലക്ഷം, കോഴിക്കോട് 7.20 ലക്ഷം, തൃശ്ശൂർ 7.17 ലക്ഷം, കണ്ണൂർ 6.11 ലക്ഷം, പാലക്കാട് 5.33 ലക്ഷം, കൊല്ലം 4.51 ലക്ഷം, ആലപ്പുഴ 3.73 ലക്ഷം, കോട്ടയം 3.53 ലക്ഷം, കാസർകോട് 2,58 ലക്ഷം, പത്തനംതിട്ട 2.34 ലക്ഷം, വയനാട് 1.98 ലക്ഷം, ഇടുക്കി 1.69 ലക്ഷം എന്നിങ്ങനെയാണ് നൽകിയ സേവനങ്ങൾ.

2025 ഏപ്രിലിലാണ് സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ കെ. സ്മാർട്ടിലേക്ക് മാറിയത്. നഗരസഭകളിലും കോർപറേഷനുകളിലും നടപ്പാക്കിയ ശേഷമാണ് ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കിയത്. തദ്ദേശ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കെ.സ്മാർട്ടിൽ ഏറ്റവും വേഗം ജനന സർട്ടിഫിക്കറ്റ് നൽകിയത് കണ്ണൂർ നഗരസഭയിലും മരണ സർട്ടിഫിക്കറ്റ് നൽകിയത് തിരുവനന്തപുരം നഗരസഭയിലും വിവാഹ സർട്ടിഫിക്കറ്റ് നൽകിയത് ചാലക്കുടി നഗരസഭയിലുമാണ്. കണ്ണൂരും തിരുവനന്തപുരത്തും ഒരു മിനിറ്റിലും ചാലക്കുടിയിൽ ഒന്നര മിനിറ്റിലുമാണ് സേവനം ലഭ്യമാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു.

Tags:    
News Summary - K Smart Application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.