തിരുവനന്തപുരം: ഫീസിലും വിദ്യാർഥി പ്രവേശനത്തിലും നിയന്ത്രണമില്ലാതെ തയാറാക്കിയ സ്വകാര്യ സർവകലാശാലകളുടെ ഭരണ, സാമ്പത്തിക കാര്യങ്ങളിൽ സർക്കാറിന് വിപുലമായ അധികാരങ്ങൾ. സർവകലാശാല ആക്ട്, സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസുകളുടെ ലംഘനം വ്യക്തമായാൽ ആറുമാസം മുമ്പ് രേഖാമൂലം നോട്ടീസ് നൽകി സർവകലാശാല പിരിച്ചുവിടാൻ സർക്കാറിന് അധികാരമുണ്ടാകും. ഇതിനനുസൃതമായ വ്യവസ്ഥകളോടെയാണ് കരട് ബിൽ സർക്കാർ തയാറാക്കിയത്.
സർവകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെക്കോഡുകളും വിളിച്ചുവരുത്താൻ സർക്കാറിന് അധികാരമുണ്ടാകും. സർവകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അനുമതിപത്രം സർക്കാറിന് പിൻവലിക്കാം. നയപരമായ കാര്യങ്ങളിൽ സർവകലാശാലക്ക് നിർദേശം നൽകാൻ സർക്കാറിന് അധികാരമുണ്ടാകും. അവ സർവകലാശാല പാലിക്കണം.
ആക്ടിന് വിരുദ്ധമായി സർവകലാശാല പ്രവർത്തിക്കുന്നെന്ന് വസ്തുതപരമായും സാരവത്തായും പരാതി ലഭിച്ചാൽ രണ്ടു മാസത്തിനുള്ളിൽ സർവകലാശാലയുടെ അംഗീകാരം പിൻവലിക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകും. വ്യവസ്ഥകളുടെ ലംഘനമുണ്ടെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണത്തിന് സർക്കാറിന് ഉത്തരവിടാം. ഇതിനായി അന്വേഷണോദ്യോഗസ്ഥനെയോ പ്രത്യേക അധികാര കേന്ദ്രത്തെയോ സർക്കാറിന് നിയമിക്കാം. അന്വേഷണ അധികാരിക്ക് സിവിൽ കോടതിയുടെ അധികാരമുണ്ടാകും.
സർവകലാശാലയുടെ ഗവേണിങ് കൗൺസിലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സർക്കാർ നാമനിർദേശം ചെയ്യുന്ന വിദ്യാഭ്യാസ വിചക്ഷണൻ അംഗങ്ങളായിരിക്കും. എക്സിക്യൂട്ടിവ് കൗൺസിലിൽ സർക്കാർ നാമനിർദേശം ചെയ്യുന്ന വിദ്യാഭ്യാസ വിചക്ഷണൻ അംഗമായിരിക്കും. സർക്കാർ നയങ്ങളോ നിർദേശങ്ങളോ ഉൾപ്പെടുന്ന വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്ന യോഗത്തിൽ സർക്കാർ നാമനിർദേശം ചെയ്യുന്ന അംഗം പങ്കെടുത്തിരിക്കണം. അക്കാദമിക് കൗൺസിലിൽ സർക്കാർ നാമനിർദേശം ചെയ്യുന്ന അസോസിയറ്റ് പ്രഫസർ പദവിയിൽ താഴെയല്ലാത്ത മൂന്നുപേർ അംഗങ്ങളായിരിക്കും.
അതെസമയം, ഫീസുകളും മറ്റ് ചാർജുകളും നിശ്ചയിക്കാനും അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങൾ നടത്താനും സർവകലാശാലകൾക്കാകും അധികാരം. ഓരോ കോഴ്സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്.സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്.ടി വിഭാഗത്തിനും സംവരണം ചെയ്യണം. ഈ വിഭാഗങ്ങൾക്ക് സർവകലാശാല ഗവേണിങ് കൗൺസിൽ തീരുമാനിക്കുന്ന ഫീസിളവിന് അർഹതയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.