തിരുവനന്തപുരം: യാത്രക്കാരെ വലച്ചും വെട്ടിലാക്കിയും സ്വകാര്യബസ് പണിമുടക്ക്. വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഏകദിന സൂചന സമരം. സംസ്ഥാനത്തെ 8000 സ്വകാര്യബസുകളിൽ ഭൂരിഭാഗവും നിരത്തിൽനിന്ന് വിട്ടുനിന്നതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ യാത്രാക്ലേശം രൂക്ഷമായി. യാത്രക്കാർ മണിക്കൂറോളം ബസ് സ്റ്റാൻഡുകളിൽ കാത്തുനിന്നു. പണിമുടക്ക് വിവരമറിയാതെ ഇറങ്ങിയവരും വെട്ടിലായി. പ്രവൃത്തി ദിവസമായിരുന്നതിനാൽ വിദ്യാർഥി യാത്രയും പ്രതിസന്ധിയിലായി.
പരമാവധി ബസ് ഓടിക്കാന്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി ഗ്രാമീണ മേഖലയിൽ കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തിയെങ്കിലും പ്രതിസന്ധിക്ക് അയവുണ്ടായിരുന്നില്ല. ചിലയിടങ്ങളിൽ സമാന്തര സർവിസുകൾ ആശ്വാസമായി. സ്വന്തമായി വാഹനമില്ലാത്തവർ പെരുവഴിയിൽ നട്ടം തിരിഞ്ഞു. വീട്ടിൽ ഇരുചക്രവാഹനം പോലുമില്ലാത്തവർ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിക്കാൻ പെടാപ്പാട് പെട്ടു.
സ്വകാര്യബസ് ഏറെയുള്ള മലബാർ മേഖലയിലായിരുന്നു യാത്രാക്ലേശം രൂക്ഷം. വടക്കൻ ജില്ലകളിൽ ശരാശരി 900 ബസാണുള്ളത്. കണ്ണൂരിൽ 1300 ഉം. ഇവയാണ് പൂർണമായും നിരത്തിൽനിന്ന് വിട്ടുനിന്നത്. ദൂരയാത്രക്കാരെയാണ് പണിമുടക്ക് കാര്യമായി ബാധിച്ചത്. കെ.എസ്.ആർ.ടി.സി ബസുകളിലെല്ലാം വൻതിരക്കായിരുന്നു. വടക്കൻ ജില്ലകളിൽ കെ.എസ്.ആർ.ടി.സി സാന്നിധ്യം താരതമ്യേന കുറവായതിനാൽ ബദൽ ക്രമീകരണങ്ങളും ഫലവത്തായില്ല.
വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് മിനിമം അഞ്ചു രൂപയാക്കുക, 140 കിലോമീറ്ററിന് മുകളിലുള്ള പെർമിറ്റുകൾ സമയബന്ധിതമായി പുതുക്കി നൽകുക, ബസുകളിൽ സീറ്റ് ബെൽറ്റും കാമറയും ഘടിപ്പിക്കണമെന്ന തീരുമാനം റദ്ദാക്കുക എന്നിവയാണ് ബസുടകളുടെ പ്രധാന ആവശ്യം. വിദ്യാർഥികളുടെ നിരക്ക് ഉയർത്താതെയുള്ള ചാർജ് വർധന ഈ വ്യവസായത്തെ സംരക്ഷിക്കില്ലെന്നാണ് ബസുടമകളുടെ നിലപാട്.
നിരക്കുവര്‍ധന പരിഗണിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിനാണ് ബസുടമകളുടെ തീരുമാനം. ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്. ഭാരിച്ച ദൈനംദിന ചെലവുകൾക്കുപുറമെ, അധിക ചെലവാണിതെന്നാണ് അവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.