തിരുവനന്തപുരം: ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന വ്യക്തികളുടെ സ്വകാര്യത പൂർണമായും ഉറപ്പുവരുത്തുമെന്നും ഏതെങ്കിലും തരത്തിൽ അത്തരം സ്വകാര്യതകൾ ലംഘിച്ചാൽ ആ ഉദ്യോഗസ്ഥർ സർവിസിൽ തുടരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ‘നോ ടു ഡ്രഗ്സ്’ അഞ്ചാംഘട്ടത്തിന്റെ തുടക്കവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വ്യാപനം തടയേണ്ടതിന്റെ പൂർണ ഉത്തരവാദിത്തം സമൂഹത്തിനാകെയുണ്ട്. രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ഉത്തരവാദിത്തമെടുക്കണം. രക്ഷിതാക്കൾ ലഹരി ഉപയോഗത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കേണ്ടതുണ്ട്. കുട്ടികളോട് സ്നേഹപൂർണം തുറന്നുസംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും ലഹരിയുടെ ചതിക്കുഴികളെ കുറിച്ച് ബോധവാന്മാരാക്കാനും രക്ഷിതാക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലഹരിമുക്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് നോ ടു ഡ്രഗ്സ് ആരംഭിച്ചത്. സ്കൂൾ തലം മുതൽ ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പാക്കിവരുന്നത്. വിവിധ ഘട്ടങ്ങൾ ഇതിനകം പൂർത്തിയാക്കി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും പ്രത്യേകിച്ച്, വിദ്യാർഥികളെ വലിയ രീതിയിൽ ബോധവത്കരിക്കാനും സഹായിച്ചിട്ടുണ്ട്. 2026 ജനുവരി 30 വരെ നീളുന്നതാണ് അഞ്ചാംഘട്ടം. ഇതിന്റെ ഭാഗമായി ചില പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആർ. ബിന്ദു, വീണാ ജോർജ്, വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, അഡി. ചീഫ് സെക്രട്ടറി ജ്യോതിലാൽ, അഡീ.എക്സൈസ് കമീഷണർ കെ.എസ്. ഗോപകുമാർ, പള്ളിയറ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.