കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊൽക്കത്തയിൽ നിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തത്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷി കുട്ടികളുമായാണ് ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെട്ടത്.

കൊച്ചി മെട്രോയുടെ ആദ്യഘട്ട പദ്ധതി ഇതോടെ പൂര്‍ത്തിയായിരിക്കുകയാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള മെട്രോയുടെ ആദ്യഘട്ടത്തിന്റെ നിര്‍മാണത്തിന് 7377 കോടി രൂപയാണ് ചെലവായത്.

ബുധനാഴ്ച രാവിലെ 10ഓടെ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി, കെ. ബാബു എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തില്‍ 25 സ്റ്റേഷനുകളായി. മെട്രോ പാതയുടെ ആകെ നീളം 28.125 കിലോമീറ്ററായി.

ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽ നിന്ന് എസ്.എൻ ജങ്ഷനിലേക്കുള്ള യാത്ര നിരക്കായ 60 രൂപ കൊച്ചി മെട്രോ ഒരു സ്റ്റേഷൻ കൂടി കടന്ന് തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരും. അതായത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്ക് 60 രൂപയായിരിക്കും. 

Tags:    
News Summary - Prime Minister inaugurated Kochi Metro Tripunithura Terminal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.