തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈമറി പ്രധാനാധ്യാപകരുടെ ജില്ലക്കകത്തെ സ്ഥലംമാറ്റം നടപ്പാക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പൊതുസ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെട്ട പ്രൈമറി പ്രധാനാധ്യാപകരെ സെൻസസ് ജോലിക്ക് നിയോഗിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർമാർ ഉറപ്പുവരുത്തിയശേഷം നടപടികൾ ആരംഭിക്കാനാണ് നിർദേശം. പ്രൈമറി പ്രധാനാധ്യാപകരുടെ സ്ഥലംമാറ്റത്തിന് തടസ്സമില്ലെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിനെത്തുടർന്നാണ് നടപടി.
സെൻസസ് ജോലിയും ട്രൈബ്യൂണൽ ഉത്തരവും ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രൈമറി പ്രധാനാധ്യാപകരുടെ സ്ഥലംമാറ്റം നിർത്തിവെച്ചത്. അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റ നടപടികൾ പൂർത്തിയായ ശേഷമേ ജില്ലക്കകത്തെ സ്ഥലംമാറ്റങ്ങൾ നടത്താവൂവെന്ന് മേയ് 29ന് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാലിത് പരാതിക്കാരായ കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ എച്ച്.എസ്.എ മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, നാച്ചുറൽ സയൻസ് വിഭാഗങ്ങൾക്ക് മാത്രമേ ബാധകമാകൂവെന്ന് വ്യക്തമാക്കിയായിരുന്നു ഇടക്കാല ഉത്തരവ്. പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് സെൻസസ് ചുമതലയോ അന്തർജില്ല സ്ഥലംമാറ്റമോ ഇല്ല. എന്നാൽ, ഇതിന്‍റെ പേരിൽ സ്ഥലംമാറ്റവും നിയമനവും തടസ്സപ്പെടുന്ന അവസ്ഥയായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനാണ് (കെ.ജി.പി.എസ്.എച്ച്.എ) സർക്കാറിനെ സമീപിപ്പിച്ചത്. ഉത്തരവിറങ്ങിയതോടെ പ്രൈമറി പ്രധാനാധ്യാപകരുടെ സ്ഥലംമാറ്റത്തിന് തടസ്സങ്ങൾ നീങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.