കൊച്ചി: ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിക്കും നിർമാണസാമഗ്രികൾക്കും വില വർധിക്കുന്നതോടെ സംസ്ഥാനത്ത് നിർമാണമേഖല സ്തംഭിക്കും. ജി.എസ്.ടിയും നോട്ടുനിരോധനവും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഭൂമിയുടെ ന്യായവിലയും നിർമാണസാമഗ്രികളുടെ നികുതിയും ഉയർത്തി നിർമാണമേഖലയെ സർക്കാർ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടുന്നത്.
സംസ്ഥാനത്തിെൻറ പുനർനിർമാണ പദ്ധതികളെയും ഇത് സാരമായി ബാധിക്കുമെന്ന് നിർമാണരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധനയും സിമൻറ്, ഗ്രാനൈറ്റ്, സെറാമിക് ടൈൽസ്, പ്ലൈവുഡ് എന്നിവക്ക് നികുതി വർധനയുമാണ് ബജറ്റിൽ നിർദേശിക്കുന്നത്. ഇതോടെ അടിസ്ഥാന നിർമാണസാമഗ്രികളുടെയെല്ലാം വില ഉയരും. കഴിഞ്ഞ ഒരുവർഷത്തിനിടെ കെട്ടിട നിർമാണസാമഗ്രികളുടെ വില 35 മുതൽ 70 ശതമാനം വരെയാണ് വർധിച്ചത്. ഇത് വൻകിട നിർമാണമേഖലയെ അടക്കം സാരമായി ബാധിച്ചു. നിർമാണം തുടങ്ങിവെച്ച നിരവധി വീടുകളും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളും പാതിവഴിയിലാണ്.
മണൽ, മെറ്റൽ, സിമൻറ്, കമ്പി, ഇഷ്ടിക തുടങ്ങിയ പ്രധാന സാമഗ്രികളുടെയെല്ലാം വില ഒരുവർഷത്തിനിടെ ഗണ്യമായി ഉയർന്നിട്ടുണ്ട്. ഇതോടെ, സ്ക്വയർഫീറ്റിന് 1550 രൂപ മുതൽ 1800 രൂപ വരെയായിരുന്ന നിർമാണച്ചെലവ് 1800 മുതൽ 2200 രൂപ വരെയായി. ഗൾഫ് പ്രതിസന്ധിയടക്കമുള്ള ഘടകങ്ങൾ ഇതിനകം നിർമാണമേഖലയെ ബാധിച്ചിട്ടുണ്ട്. ഇതിനിടെയാണ് ബജറ്റിലെ തിരിച്ചടി. പ്രളയബാധിത പ്രദേശങ്ങളിൽ സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തിൽ നടന്നുവരുന്ന പുനർനിർമാണ പ്രവർത്തനങ്ങൾക്കും വിലക്കയറ്റം തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.