മെഡിക്കൽ കോളജിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ ജീവനക്കാരുടെ സമ്മർദം

​കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജീവനക്കാരൻ പീഡിപ്പിച്ചുവെന്ന കേസിൽ മൊഴിമാറ്റാൻ സമ്മർദം ചെലുത്തിയെന്ന് പരാതിക്കാരിയായ യുവതി. മെഡിക്കൽ കോളജിലെ നഴ്സിങ് അസിസ്റ്റന്‍റ്, ഹോസ്പിറ്റൽ അറ്റന്‍റന്‍റ് ഗ്രേഡ് -1, അറ്റന്‍റന്‍റ് ഗ്രേഡ് 2, ഡെയ്ലി വേയ്ജസ് സ്റ്റാഫ് എന്നിവർ യുവതിയെ മൊഴിമാറ്റാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. തുടർന്ന് ജീവനക്കാരെ ചുമതലയിൽ നിന്ന് മാറ്റിനിർത്തി. മജിസ്ട്രേറ്റിന് മൊഴി നൽകിയ യുവതിയുടെ മൊഴി മാറ്റാൻ സമ്മർദം ചെലുത്തിയെന്ന പരാതി ഗൗരവതരമാണെന്നും കടുത്ത നടപടിയുണ്ടാവുമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. 

പരാതി ഉയർന്ന പശ്ചാത്തലത്തിൽ യുവതി ചികിത്സയിലുള്ള വാർഡിൽ വനിത സുരക്ഷ ജീവനക്കാരിയെ ​പ്രത്യേകം ചുമതലപ്പെടുത്തി. യുവതിയെ ചികിത്സിക്കുന്ന ഡോക്ടർമാരും പരിചരിക്കുന്ന നഴ്സുമാരുമല്ലാതെ ആരെയും മുറിയിൽ പ്രവേശിപ്പിക്കുന്നില്ല. അനാവശ്യമായി വാർഡിൽ ജീവനക്കാർ പ്രവേശിച്ചാൽ കടുത്ത നടപടിയുണ്ടാവുമെന്ന് സൂപ്രണ്ട് നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാർഡിലെ ഹെഡ് നഴ്സ് മുഖാന്തിരമാണ് യുവതി ബുധനാഴ്ച സൂപ്രണ്ടിന് പരാതി നൽകിയത്. പരാതി പൊലീസിന് കൈമാറിയെന്ന് സൂപ്രണ്ട് പറഞ്ഞു. 

കഴിഞ്ഞയാഴ്ച ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ.സി.യുവിൽ അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചതായാണ് പരാതി. മെഡി. കോളജ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാന്‍റിലാണ്. പ്രതിയെ രക്ഷിക്കാൻ മൊഴി മാറ്റിപ്പറയണമെന്നും പാരിതോഷികം വാങ്ങിത്തരാമെന്നും സഹജീവനക്കാർ സമ്മർദം ചെലുത്തുകയും മാനസിക പ്രയാസമുണ്ടാക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് മെഡി. കോളജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു.

Tags:    
News Summary - Pressured to change the statement of the woman who was molested in medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.