കെ. സുധാകരനെ മാറ്റാൻ സമ്മർദം

ന്യൂഡൽഹി: കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റാൻ ഹൈകമാൻഡിൽ ശക്തമായ സമ്മർദം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിരവധി എം.പിമാരും ഡൽഹി യാത്രയിൽ അടിയന്തര ആവശ്യമെന്ന നിലക്ക് വിഷയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മുന്നിൽ കൊണ്ടുവന്നതിനെത്തുടർന്ന ചർച്ചകളിൽ സുധാകരനെ മാറ്റണമെന്നാണ് ‘തത്ത്വത്തിൽ’ തീരുമാനം. ഇതു നടപ്പാക്കേണ്ട രീതിയും സമയവും തീരുമാനിച്ചിട്ടില്ല.

മല്ലികാർജുൻ ഖാർഗെയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ലോക്സഭ ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ് അടക്കം ശീതകാല പാർലമെന്‍റ് സമ്മേളനത്തിനെത്തിയ സമാന ചിന്താഗതിക്കാരായ എം.പിമാർ എന്നിവരുടെ ശ്രമങ്ങൾക്ക് കഴിഞ്ഞു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ സംസ്ഥാനത്തെ കാര്യമെന്ന നിലക്കുമാത്രമാണ് ഈ വിഷയത്തെ കാണുന്നത്.

അനാരോഗ്യമാണ് പ്രധാന വിഷയമായി ഉയർന്നിരിക്കുന്നത്. ഇതുമൂലം അടുത്തകാലത്ത് അദ്ദേഹത്തിൽ നിന്നുണ്ടായ ചില പ്രസ്താവനകൾ പാർട്ടിയെ പരിക്കേൽപിച്ചെന്ന് ചർച്ചകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രധാന സഖ്യകക്ഷിയായ മുസ്ലിംലീഗ് സുധാകരന്‍റെ ചില പ്രസ്താവനകളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അനാരോഗ്യ പ്രശ്നങ്ങൾക്കിടയിൽ പാർലമെന്‍റ് സമ്മേളനത്തിൽ ലോക്സഭക്ക് പകരം സുധാകരൻ രാജ്യസഭയിൽ കയറിയതും ചർച്ചയായി.

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ ഉടൻ തുടങ്ങേണ്ടതാണെങ്കിലും പാർട്ടിയെ സജ്ജമാക്കാൻ ഒരു താൽപര്യവും സുധാകരൻ കാണിക്കുന്നില്ലെന്ന പരാതിയും ശക്തം. വലിയ മാറ്റങ്ങളും ഊർജസ്വലതയും കൊണ്ടുവരുമെന്ന് സ്ഥാനമേറ്റപ്പോൾ സുധാകരൻ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പായില്ല. കെ.പി.സി.സി പുനഃസംഘടന തികഞ്ഞ അനിശ്ചിതത്വത്തിലാണ്.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ മാറ്റി സുധാകരൻ-സതീശൻ നേതൃത്വത്തെ കൊണ്ടുവന്നപ്പോൾ പറഞ്ഞ ഊർജസ്വലത ചോർന്നുപോയതായി എ-ഐ ഗ്രൂപ്പുകൾ ആരോപിക്കുകയും ചെയ്യുന്നു.എന്നാൽ, സ്ഥാനമൊഴിയാൻ സുധാകരൻ തയാറല്ല. തന്നെ മാറ്റാൻ ചിലർ ശ്രമിക്കുകയാണെന്നും ഏൽപിച്ച ദൗത്യം നിർവഹിക്കാൻ കഴിയില്ലെന്ന് സ്വയം ബോധ്യപ്പെടാത്തകാലം ആരും കസേരക്ക് പിടിക്കേണ്ട എന്നുമാണ് അദ്ദേഹത്തിന്‍റെ പക്ഷം.

Tags:    
News Summary - Pressure to change K.Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.