തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസികൾ നേരിടുന്ന വിവിധ അടിയന്തര പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രവാസി കാര്യ വകുപ്പ് അധിക ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രവാസി വെൽഫെയർ ഫോറം നേതാക്കൾ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അസ്‍ലം ചെറുവാടി, സംസ്ഥാന സെക്രട്ടറി ജാബിർ വടക്കാങ്ങര, വൈസ് പ്രസിഡന്റ് എം.കെ. ഷാജഹാൻ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം കൈമാറിയത്.
കേന്ദ്ര സർക്കാർ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്തിയ ഇന്ത്യൻ പാസ്പോർട്ട് സേവന ഫീസ് വർധന പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഏകദേശം 75 ശതമാനം വരെ ഫീസ് വർധിപ്പിച്ച നടപടി പിൻവലിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
സാധാരണക്കാരായ പ്രവാസികൾക്കും ജനങ്ങൾക്കും കുറഞ്ഞ ചെലവിൽ വിമാനയാത്ര ഉറപ്പാക്കുന്നതിനായി എയർ കേരള പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന വിമാന ടിക്കറ്റ് നിരക്കിൽ നിന്ന് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനും പ്രവാസി നിക്ഷേപകരുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് ഫോറം അഭിപ്രായപ്പെട്ടു.
നിലവിൽ നൽകുന്ന പ്രവാസി പെൻഷൻ തുക വളരെ തുച്ഛമാണെന്നും അത് കുറഞ്ഞത് 5,000 രൂപയാക്കി വർധിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വർഷങ്ങളോളം വിദേശത്ത് കഠിനാധ്വാനം ചെയ്ത് കാര്യമായ സമ്പാദ്യമില്ലാതെ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഈ വർധന ജീവിതസുരക്ഷ ഉറപ്പാക്കാൻ വലിയ ആശ്വാസമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
തിരിച്ചെത്തിയ പ്രവാസികളെയും പ്രവാസി കെയർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനും പെൻഷന് അർഹരാകാനും അവസരം നൽകുന്ന തരത്തിൽ നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നേടുന്നതിനുള്ള നിലവിലെ 60 വയസ്സ് എന്ന പ്രായപരിധി ഒഴിവാക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമനിധി ബോർഡിൽ സമർപ്പിക്കുന്ന അപേക്ഷകൾക്ക് തീർപ്പുകൽപ്പിക്കുന്നതിലുള്ള ദീർഘകാല കാലതാമസം ഒഴിവാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ ഓൺലൈൻ അപേക്ഷകൾക്ക് ആറുമാസത്തിലേറെ സമയമെടുക്കുന്ന സാഹചര്യം അവസാനിപ്പിച്ച് വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.നിവേദനത്തിലെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നേതാക്കൾക്ക് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.