‘കുടുക്കാൻ ശ്രമിച്ചവരുടെ പേരുകൾ വിളിച്ചുപറയും’; പരാതിക്കാരന്‍റെ വീടിനു മുന്നിൽ അമ്മക്കൊപ്പം സമരത്തിന് പ്രമോദ് കോട്ടൂളി

കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതിൽ പ്രതികരിച്ച് സി.പി.എം മുൻ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി. പാർട്ടി നടപടിയെക്കുറിച്ച് ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഒരു രൂപപോലും കോഴവാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപിക്കപ്പെടുന്നതുപോലെ 22 ലക്ഷം രൂപ ആർക്ക് എപ്പോൾ എവിടെ വെച്ച് നൽകിയെന്നും പ്രമോദ് ചോദിച്ചു. ഈ 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണ് നൽകിയത്, എപ്പോഴാണ്, എന്നാണ്- ഇത്തരം വിരങ്ങള്‍ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. പരാതിക്കാരന്‍റെ വീടിനുമുന്നിൽ താനും അമ്മയും മകനും പ്രതിഷേധിക്കാൻ പോകുകയാണ്. ഇയാൾ തെളിവുസഹിതം കാര്യങ്ങൾ വ്യക്തമാക്കണമെന്നും പ്രമോദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒന്നും മറച്ചുവെക്കാനില്ല. എല്ലാ കാര്യങ്ങളും പറയും. റിയല്‍ എസ്റ്റേറ്റ് വഴി അവിഹിതമായി പണം സമ്പാദിച്ചെങ്കില്‍ അതിന് തെളിവ് കാണിക്കണം. ഏത് അന്വേഷണത്തേയും നേരിടാൻ തയാറാണ്. തെളിവുകൾ ആവശ്യപ്പെട്ടാണ് സമരം ഇരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമോദിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാനും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കാനും ശനിയാഴ്ച ചേർന്ന സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.

കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രമോദ് പാർട്ടിക്ക് നൽകിയ വിദശീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ യോഗം ആക്ഷേപമുന്നയിച്ചവരുടെ മൊഴിയടക്കം പരിഗണിച്ചാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. സി.ഐ.ടി.യു ജില്ല സെക്രട്ടറി ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാനമാനങ്ങളിൽ നിന്നും പ്രമോദിനെ ഒഴിവാക്കും. പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയായ ഡോക്ടറിൽ നിന്ന് 22 ലക്ഷം കൈപ്പറ്റിയെന്നാണ് പ്രമോദിനെതിരെ ഉയർന്ന ആരോപണം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വഴി അംഗത്വം തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം.

Tags:    
News Summary - Pramod Kottoolli to protest with his mother in front of the complainant's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.