തിരുവനന്തപുരം: ജലവൈദ്യുതോൽപാദനം വർധിപ്പിക്കുന്നതിന് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതി (പി.എസ്.പി) നടത്തിപ്പിനുള്ള താൽപര്യപത്രം ക്ഷണിക്കുന്നതടക്കം പ്രാരംഭ നടപടികൾ പൂർത്തീകരിക്കാൻ 60 ലക്ഷം രൂപയുടെ കരാർ. എസ്.ബി.ഐ കാപ്സ് എന്ന സ്ഥാപനത്തിനാണ് കരാർ നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനം.
താൽപര്യപത്രം ക്ഷണിച്ച് കരാറുകാരെ കണ്ടെത്തൽ, നിബന്ധനകൾ തയാറാക്കൽ തുടങ്ങിയ ചുമതലകൾക്ക് പുറമേ പണം സമാഹരിക്കാനുള്ള സാധ്യത കണ്ടെത്തലും ‘ട്രാൻസാക്ഷൻ അഡ്വൈസർ’ കരാറിന് തെരഞ്ഞെടുത്ത കമ്പനിയാണ് നിർവഹിക്കേണ്ടത്. കരാറുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനും തുടർനടപടികൾ സ്വീകരിക്കാനുമുള്ള സംവിധാനം കെ.എസ്.ഇ.ബിക്കുണ്ട്.
പി.എസ്.പികൾ കേരളത്തിൽ ആദ്യമായതിനാൽ കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കാൻ ട്രാൻസാക്ഷൻ അഡ്വൈസറെ ചുമതലപ്പെടുത്തുന്നതാവും ഉചിതമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എസ്.ബി.ഐ കാപ്സിന് കരാർ നൽകാനുള്ള തീരുമാനം.
സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോൽപാദനം വർധിപ്പിക്കാൻ പകൽ വൈദ്യുതി ഉൽപാദിപ്പിച്ചശേഷം വെള്ളം ഉയർന്നസ്ഥലത്തെ റിസർവോയറിലേക്ക് പമ്പ് ചെയ്ത് ശേഖരിച്ച് പീക്ക് സമയങ്ങളിൽ ടർബൈനുകൾ പ്രവർത്തിക്കാൻ വീണ്ടും ഉപയോഗിക്കുന്ന പി.എസ്.പികൾക്ക് കൂടുതൽ പ്രധാന്യം നൽകാനുള്ള നിലപാടിലാണ് ഊർജവകുപ്പ്.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക (പി.പി.പി), നിയന്ത്രണം കെ.എസ്.ഇ.ബിയിൽ തന്നെ നിലനിർത്തുന്ന കാപക്സ് മാതൃക എന്നിവയാണ് പദ്ധതി നിർവഹണത്തിന് പരിഗണിക്കുന്നത്. പി.എസ്.പിക്ക് കേന്ദ്ര സർക്കാറും മുന്തിയപരിഗണന നൽകുന്നുണ്ട്.
മഞ്ഞപ്പാറ (30 മെഗാവാട്ട്), മുതിരപ്പുഴ (100 മെഗാവാട്ട്), മറയൂർ (160 മെഗാവാട്ട്), പൊരിങ്ങൽ (100 മെഗാവാട്ട്), കക്കയം (800 മെഗാവാട്ട്), ഇടുക്കി (700 മെഗാവാട്ട്), പള്ളിവാസൽ (600 മെഗാവാട്ട്), അമൃത് പമ്പ (300 മെഗാവാട്ട്), അപ്പർ ചാലിയാർ (360 മെഗാവാട്ട്), ഇടമലയാർ (180 മെഗാവാട്ട്) എന്നിവയാണ് പി.എസ്.പികൾക്കായി കണ്ടെത്തിയത്.
ഇതിൽ വയനാട് ജില്ലയിലെ മഞ്ഞപ്പാറയും ഇടുക്കിയിലെ മുതിരപ്പുഴയും ആദ്യഘട്ടത്തിൽ നടപ്പാക്കും.
വനഭൂമിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കുറവായതിനാലാണ് ഇവ രണ്ടും ആദ്യം നടപ്പാക്കുന്നവയുടെ പട്ടികയിൽപെടുത്തിയത്. മഞ്ഞപ്പാറ 2031 ആഗസ്റ്റിലും മുതിരപ്പുഴ 2032 ഡിസംബറിലും യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.