തിരുവനന്തപുരം: ദ്വാരപാലക ശിൽപങ്ങൾക്ക് മുമ്പ് പോറ്റി സ്വർണം പൂശാനായി കൊണ്ടുപോയത് കട്ടിളപ്പടിയാണ്. കട്ടിളയിൽ സ്വർണം പൂശിനൽകാമെന്ന പോറ്റിയുടെ വാഗ്ദാനത്തിൽ 2019 ഫെബ്രുവരി 16ന് എക്സിക്യൂട്ടിവ് ഓഫിസറായിരുന്ന ഡി. സുധീഷ് കുമാർ അന്ന് ദേവസ്വം കമീഷണറായിരുന്ന വാസുവിന് നൽകിയ ശുപാർശയിൽ ‘സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ’ എന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ കമീഷണറായിരുന്ന വാസു ഫെബ്രുവരി 26ന് ദേവസ്വം ബോർഡിന് നൽകിയ ശുപാര്‍ശയില്‍ ‘സ്വര്‍ണം പൂശിയ’ എന്നത് ഒഴിവാക്കി 'ചെമ്പുപാളികള്‍' മാത്രമാക്കി. 2019 മാർച്ച് 14ന് വാസു കമീഷണർ സ്ഥാനത്ത് നിന്ന് വിരമിച്ചു.
വാസുവിന്റെ ശുപാർശയെ തുടർന്ന് 2019 മാർച്ച് 20ന് ചേർന്ന ദേവസ്വം ബോർഡിന്റെ തീരുമാനത്തിലും ചെമ്പുപാളികൾ സ്വർണം പൂശാനായി പോറ്റിക്ക് കൊടുത്തുവിടുന്നെന്നാണ് ഉള്ളത്. ദേവസ്വം മാന്വലിന് വിരുദ്ധമായ നടപടി ഗുരുതര കുറ്റകൃത്യമാണെന്ന് ഹൈകോടതി നിരീക്ഷിച്ചിട്ടുണ്ട്. കമീഷണർ സ്ഥാനത്തുനിന്ന് വിരമിച്ച വാസു 2019 നവംബർ 15ന് ദേവസ്വം പ്രസിഡന്റായി.
ഈ ഘട്ടത്തിലാണ് കട്ടിളയിലും ദ്വാരപാലക ശിൽപപാളികളിലും സ്വർണം പൂശിയശേഷം അധിക സ്വർണം തന്റെ പക്കലുണ്ടെന്ന് അറിയിച്ച് ഉണ്ണികൃഷ്ണൻ പോറ്റി വാസുവിന് ഇ-മെയിൽ സന്ദേശം അയച്ചത്. ഈ സ്വർണം പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണമെന്നുമാണ് 2019 ഡിസംബർ ഒമ്പതിന് അയച്ച ഇ-മെയിൽ സന്ദേശത്തിലുള്ളത്.
എന്നാൽ, അധിക സ്വർണം എത്രയാണെന്ന് അന്വേഷിക്കുകയോ അയ്യപ്പന്റെ സ്വത്ത് വ്യക്തിയുടെ കൈയിലാണെന്ന് അറിഞ്ഞിട്ടും തിരിച്ചുപിടിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പകരം പോറ്റിക്ക് കവർച്ച മുതൽ യഥേഷ്ടം കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകിയെന്നും അന്വേഷണസംഘം കണ്ടെത്തി.
ഉണ്ണികൃഷ്ണൻ പോറ്റി ഒളിവിൽ പോകാൻ ശ്രമിച്ചു
പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റി ഒളിവിൽ പോകാൻ ശ്രമിച്ചതായും ഇതിനെതുടർന്നാണ് അതിവേഗം കസ്റ്റഡിയിലെടുത്തതെന്നും പ്രത്യേക അന്വേഷണസംഘം. ഇയാൾ ഒളിവിൽ പോകാൻ ശ്രമിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിച്ച് ഓഫായിരുന്നു. ഇതോടെ വ്യാഴാഴ്ച ഉച്ചക്ക് 12ന് തിരുവനന്തപുരം കിളിമാനൂർ പുളിമാത്തെ വിട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
നഷ്ടമായ സ്വർണം ഉടൻ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പ്രതിയെ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവ് ശേഖരിക്കണം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. പ്രതി സമൂഹത്തിൽ സ്വാധീനമുള്ളതിനാൽ കേസിലെ സാക്ഷികളെ സ്വധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ അന്വേഷണസംഘം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ദ്വാരപാലക ശിൽപപ്പാളികളിൽനിന്ന് മാത്രം ഒന്നരകിലോയോളം സ്വർണം ഇയാൾക്ക് തട്ടിയെടുത്തതായും റിപ്പോർട്ടിലുണ്ട്. വിവിധ സ്പോൺസറിൽമാരിൽനിന്ന് സ്വർണം വാങ്ങിയെങ്കിലും ഇതിലും വലിയയൊരുഭാഗം സ്വന്തമാക്കി. ദേവസ്വം ബോർഡിനെ കുരുക്കുന്ന പരാമർശങ്ങളും ഇതിലുണ്ട്. പാളികൾ അയച്ചത് ദേവസ്വം ചട്ടവും കോടതി ഉത്തരവും ലംഘിച്ചാണ്. ഭാരം നോക്കാതെ കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാൻ അവസരമൊരുക്കി. ഉദ്യോഗസ്ഥ വീഴ്ചയും വിശദമായി വിവരിക്കുന്നുണ്ട്. പാളികൾ കൊണ്ടുപോയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ മഹസറിൽ ഏഴുതിച്ചേർത്തു. അന്നത്തെ ബോർഡ് സെക്രട്ടറി പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ രേഖകളിൽ തിരുത്തൽ വരുത്തി. മുരാരി ബാബു വാസ്തവ വിരുദ്ധമായ റിപ്പോർട്ട് നൽകി. സ്വർണ്ണം പൊതിഞ്ഞ തകിടുകൾ വെറും ചെമ്പ് തകിടുകൾ എന്ന് രേഖപ്പെടുത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.