മലപ്പുറം: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ മത്സരിച്ചേക്കുമെന്ന സൂചനകൾ ശക്തമാക്കി, അൻവർ അനുകൂല പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളും മണ്ഡലത്തിലുയർന്നു. ‘നിലമ്പൂരിന്‍റെ സുൽത്താൻ പി.വി. അൻവർ തുടരും’ എന്നെഴുതിയ ഫ്ലെക്സ് ബോർഡുകൾ തൃണമൂൽ കോൺഗ്രസിന്‍റെ പേരിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണ്ഡലത്തിലെ വഴിക്കടവ്, ചുങ്കത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് ബോർഡുകളുയർന്നത്. അൻവറിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായങ്ങൾ രൂപപ്പെടുന്നതിനിടെയാണ് പോസ്റ്ററുകൾ ഉയർന്നതെന്നത് ശ്രദ്ധേയമാണ്.
യു.ഡി.എഫ് അവഗണനയിലെ രോഷവും വേദനയും വൈകാരികമായി പങ്കുവെക്കുന്നതായിരുന്നു പി.വി. അന്‍വറിന്‍റെ ഇന്നത്തെ വാര്‍ത്താ സമ്മേളനം. പ്രതിപക്ഷ നേതാവ് തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരി എറിയുകയാണെന്ന് അന്‍വര്‍ തുറന്നടിച്ചിരുന്നു. യു.ഡി.എഫിന്റെ ഭാഗമാകാന്‍ സഹകരിച്ചതിന്റെയും നടത്തിയ പരിശ്രമങ്ങളുടെയും കണക്കുകള്‍ അന്‍വര്‍ അക്കമിട്ട് നിരത്തിയിരുന്നു. പിന്നാലെയാണ് മണ്ഡലത്തില്‍ അന്‍വറിനെ പിന്തുണച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിനായി വാദിച്ച് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. അൻവർ നിലമ്പൂരിൽ നിർണായക ശക്തിയാണ്. അയാൾക്കൊപ്പം ആളുകളുണ്ട്. അൻവറിന്റെ വോട്ട് കിട്ടിയില്ലെങ്കിൽ യു.ഡി.എഫിന് തിരിച്ചടിയാകും. അൻവർ ഭാവിയിൽ യു.ഡി.എഫിന് ബാധ്യതയാകുമെന്ന് തോന്നുന്നില്ല. വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കണം. വി.ഡി. സതീശൻ ഒറ്റക്ക് എടുക്കേണ്ട തീരുമാനമല്ല അത്. സതീശന് അൻവറിനോട് അതൃപ്തിയുണ്ടോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു.
യു.ഡി.എഫ് സഹകരിപ്പിച്ചില്ലെങ്കിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തുമെന്നാണ് അൻവറിന്റെ പ്രഖ്യാപനം. എന്നാൽ യു.ഡി.എഫുമായി സഹകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് അൻവറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലപാട് കടുപ്പിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിനെ അസോഷ്യേറ്റ് പാർട്ടിയാക്കുന്നതിൽ പ്രഖ്യാപനമുണ്ടാകണം, മാന്യമായ പരിഗണന ലഭിക്കണം എന്നീ ആവശ്യങ്ങളാണ് അൻവർ മുന്നോട്ടുവച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.