മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തിൽ മഹല്ല് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

പൂഞ്ഞാർ പ്രശ്നം: മന്ത്രി വാസവൻ മഹല്ല് ഭാരവാഹികളുമായി ചർച്ച നടത്തി

ഈരാറ്റുപേട്ട: പൂഞ്ഞാർ പള്ളിമുറ്റത്ത് നടന്ന സംഭവം, സിവിൽ സ്​റ്റേഷൻ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം എന്നിവയിലൂടെ മതപരമായി ഉണ്ടായ അകലം പരിഹരിക്കാൻ സർക്കാറും ഇടതുപക്ഷവും ശ്രമം തുടങ്ങി. ലോക്​സഭ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഇരുപ്രശ്നവും രമ്യമായി പരിഹരിക്കാനുള്ള നീക്കത്തിലാണ് നേതാക്കൾ.

അതിനായി കഴിഞ്ഞ ദിവസം മന്ത്രി വി.എൻ. വാസവൻ നേരിട്ടെത്തി സംയുക്ത മഹല്ല് ഭാരവാഹികളുമായി ചർച്ച നടത്തി. പത്തനംതിട്ട പാർലമെൻറ് മണ്ഡലം സ്ഥാനാർഥി ഡോ. തോമസ് ഐസക്കും ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസും പങ്കെടുത്തു.

കൂടിക്കാഴ്ചയിൽ നാടിന്‍റെയും സമൂഹത്തിന്‍റെയും വികാരം ശക്തമായി ഉന്നയിക്കപ്പെട്ടു. ഈരാറ്റുപേട്ട മിനി സിവിൽ സ്​റ്റേഷന്​ പൊലീസ് സ്റ്റേഷൻ വളപ്പിലെ സർക്കാർ ഭൂമിയിൽനിന്ന്​ 50 സെൻറ് സ്ഥലം നൽകുന്ന വിഷയത്തിൽ ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിലെ ഈരാറ്റുപേട്ടക്കെതിരായ തെറ്റായ പരാമർശങ്ങൾ അസ്ഥിരപ്പെടുത്തിയതായും പുതിയ റിപ്പോർട്ട് സമർപ്പിച്ചതായും മന്ത്രി അറിയിച്ചു.

എം.എൽ.എ ആവശ്യപ്പെട്ട പ്രകാരം 50 സെൻറ് സ്ഥലം അനുവദിക്കുമെന്നും ഉറപ്പുനൽകി. പൂഞ്ഞാർ സംഭവവുമായി ബന്ധപ്പെട്ട്​ നൽകിയ എഫ്.ഐ.ആർ പുതുക്കി. ഐ.പി.സി 307 വകുപ്പിലുള്ള കുറ്റകൃത്യം നടന്നിട്ടില്ലെന്ന പുതിയ പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലേക്ക് കേവലം പെറ്റിക്കേസ്​ മാത്രം രേഖപ്പെടുത്തി പുതിയ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷന് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.

മതസൗഹാർദത്തിന്‍റെ മാതൃകസ്ഥാനമായ ഈരാറ്റുപേട്ടയുടെ നഷ്ടപ്പെടുത്തിയ പ്രതിച്ഛായ പുനഃസ്ഥാപിക്കാൻ കൂട്ടായ പരിശ്രമത്തിന്​ യോഗം തീരുമാനിച്ചു. നൈനാർ മസ്ജിദ്, പുത്തൻപള്ളി, മുഹ്​യിദ്ദീൻ പള്ളി ഭാരവാഹികളായ മുഹമ്മദ് സക്കീർ, അഫ്സാർ പുള്ളോലിൽ, സാലി നടുവിലേടത്ത്, അബ്ദുൽ വഹാബ്, പി.എസ്. ഷഫീക്ക്, വി.എച്ച്. നാസർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Poonjar issue: Minister Vasavan held discussions with Mahallu officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.