അമ്പലത്തിൽ പോകുന്നവരെ മൃദുഹിന്ദുത്വം പറഞ്ഞ് അകറ്റരുത്; ആന്‍റണിയുടെ പരാമർശത്തിൽ രാഷ്ട്രീയ ചർച്ച മുറുകുന്നു

തിരുവനന്തപുരം: അമ്പലത്തിൽ പോകുന്നവരെയും തിലകക്കുറി ചാർത്തുന്നവരെയും മൃദുഹിന്ദുത്വം പറഞ്ഞ് അകറ്റിനിർത്തരുതെന്നും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്താനേ ഇത് ഉപകരിക്കൂവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി നടത്തിയ പരാമർശം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചക്ക് വഴിയൊരുക്കി. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ആൻറണിയുടെ വാക്കുകൾ. പരാമർശത്തെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനടക്കം കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു.

കോൺഗ്രസ് സമുദായ സംഘടനയല്ലെന്ന നിലപാടാണ് രാജ്മോഹൻ ഉണ്ണിത്താൻ സ്വീകരിച്ചത്. മുസ്ലിം ലീഗ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ലാക്കാക്കിയാണ് ആന്‍റണിയുടെ വാക്കുകളെന്ന് തിരിച്ചറിഞ്ഞാണ് സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും പ്രതികരണം. ചന്ദനക്കുറി തൊടുന്നവർ വിശ്വാസികളാണെന്നും വിശ്വാസികൾ വർഗീയവാദികളല്ലെന്നും വർഗീയവാദികൾക്ക് വിശ്വാസമില്ലെന്നും അഭിപ്രായപ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പല കോൺഗ്രസ് നേതാക്കൾക്കും മൃദുഹിന്ദുത്വമാണെന്നും മൃദുഹിന്ദുത്വം കൊണ്ട് ബി.ജെ.പിയെ നേരിടാനാകില്ലെന്നും പ്രതികരിച്ചു.

ആന്‍റണിയുടെ പ്രസ്താവന കാപട്യമാണെന്നും ന്യൂനപക്ഷ വർഗീയതയെ താലോലിക്കുകയാണെന്നും ബി.ജെ.പി നിലപാടെടുത്തു. ഭൂരിപക്ഷ വോട്ടുകൾ കൂടി ഉറപ്പാക്കണമെന്ന വ്യക്തമായ സന്ദേശമാണ് കോൺഗ്രസ് സ്ഥാപകദിനത്തിൽ ആന്‍റണി നൽകിയത്. എ.കെ. ആന്‍റണിയെ 100 ശതമാനം പിന്തുണക്കുകയാണെന്നും ചന്ദനക്കുറിയിടുന്നവരും കാവി ഉടുക്കുന്നവരുമെല്ലാം ബി.ജെ.പിക്കാരല്ലെന്നും അവരെ അങ്ങനെ ചിത്രീകരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനേ ഉപകരിക്കൂവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. യഥാർഥ രാഷ്ട്രീയമാണ് അദ്ദേഹം പറഞ്ഞത്. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്കാരാണെന്ന് പറയുന്നത് ശരിയല്ല. മഹാഭൂരിപക്ഷം ഹിന്ദുക്കളും വർഗീയതക്കും സംഘ്പരിവാറിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Political debate heats up with Antony's remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.