പി.ബി ഇന്ന്; പ്രാമുഖ്യം സംഘടനവിഷയങ്ങള്‍ക്ക്

തിരുവനന്തപുരം: നിര്‍ണായക സംഘടന, രാഷ്ട്രീയ വിഷയങ്ങള്‍ പരിഗണിക്കുന്ന സി.പി.എം കേന്ദ്രനേതൃയോഗങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭതെരഞ്ഞെടുപ്പ് തീയതി കൂടി വ്യക്തമായ സാഹചര്യത്തിലാണ് പി.ബി, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ചേരുന്നത്. എങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സംഘടനവിഷയങ്ങള്‍ക്കാവും പി.ബിയില്‍ മുന്‍ഗണന.

വ്യാഴാഴ്ച രാവിലെ 10.30ന് എ.കെ.ജി സെന്‍ററിലാണ് പി.ബിയോഗം. വെള്ളി മുതല്‍ ഞായര്‍ വരെ ഹോട്ടല്‍ ഹൈസിന്തിലാണ് കേന്ദ്രകമ്മിറ്റി ചേരുക. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മണിക്സര്‍ക്കാര്‍ അടക്കമുള്ള നേതാക്കള്‍ ബുധനാഴ്ച രാത്രിയോടെതന്നെ തലസ്ഥാനത്തത്തെി. കേന്ദ്രകമ്മിറ്റി യോഗത്തിന്‍െറ അജണ്ട പി.ബി യോഗത്തില്‍ നിശ്ചയിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും സി.പി.എം ഉള്‍പെട്ട ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയപ്രകാരം ഇടതുമുന്നണി രൂപവത്കരിക്കുകയാണ് വേണ്ടത്. എന്നാല്‍, യു.പിയില്‍ ഭരണകക്ഷിയായ എസ്.പി പിളര്‍പ്പിന്‍െറ വക്കില്‍ നില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ ബി.ജെ.പിയെ തോല്‍പിക്കുക എന്ന നിലപാടിനാവും പി.ബി പ്രാധാന്യം കൊടുക്കുക.

കേരളത്തെ ബാധിക്കുന്ന സംഘടനവിഷയം കേന്ദ്രകമ്മിറ്റിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തുന്നതും പി.ബിയുടെ പരിഗണനക്ക് എത്തും. വി.എസ്. അച്യുതാനന്ദനും സംസ്ഥാന ഘടകവും തമ്മില്‍ പരസ്പരമുള്ള പരാതി അന്വേഷിച്ച പി.ബി കമീഷന്‍ റിപ്പോര്‍ട്ട്, ഇ.പി. ജയരാജന് സ്വജനപക്ഷപാതവിവാദത്തില്‍പെട്ട് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്, പി.കെ. ശ്രീമതി രണ്ടാമതും സ്വജനപക്ഷപാത ആരോപണത്തില്‍പെട്ടത്, ക്രിമിനല്‍ കേസില്‍ പ്രതിയായ എം.എം. മണിയുടെ മന്ത്രിസ്ഥാനയോഗ്യതയെക്കുറിച്ചുള്ള വി.എസിന്‍െറ പരാതി എന്നിവ പരിഗണിക്കാതിരിക്കാന്‍ കേന്ദ്രനേതൃത്വത്തിനാവില്ളെന്നാണ് സൂചന.സംസ്ഥാനസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വി.എസിനെതിരെ നടപടി എടുക്കാതിരിക്കാന്‍ കേന്ദ്രനേതൃത്വത്തിനാവില്ല.

കടുത്ത അച്ചടക്കലംഘനം നടത്തിയ ഒരു നേതാവ് നടപടിയില്‍ നിന്ന് ഒഴിവാകുന്നതിനെ മൂന്ന് പി.ബി അംഗങ്ങള്‍ അടങ്ങിയ സംസ്ഥാനനേതൃത്വം ശക്തമായി എതിര്‍ക്കും. അതേസമയം, സംഘടനവിഷയങ്ങളിലെ തര്‍ക്കത്തില്‍ വി.എസിനെയും സംസ്ഥാനനേതൃത്വത്തെയും പ്രകോപിപ്പിക്കാത്ത നിലപാടിലേക്ക് പോകണമെന്ന നിലപാടാണ് യെച്ചൂരിക്ക്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വമാണ് വി.എസിന്‍െറ ആവശ്യം. എന്നാല്‍, പാലോളി മുഹമ്മദ്കുട്ടി, എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നീ പ്രായാധിക്യമുള്ള നേതാക്കളെ സംസ്ഥാനസമിതി ക്ഷണിതാക്കളാക്കിയ സംസ്ഥാന നേതൃത്വം ഇതംഗീകരിക്കാന്‍ തയാറല്ല. തനിക്ക് സംസ്ഥാനനേതൃത്വത്തില്‍ പ്രാതിനിധ്യം വേണമെന്ന് വി.എസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്.

എന്നാല്‍, ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ട സംസ്ഥാന സെക്രട്ടേറിയറ്റില്‍ കാര്യപ്രാപ്തി ഒരു ഘടകമാണ് എന്ന വാദം നേതൃത്വം ഉയര്‍ത്തും. ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചതിനാല്‍ പരസ്യമായ മറ്റു നടപടികളിലേക്ക് കടക്കില്ളെന്നാണ് സൂചന. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറില്‍ മരുമകളെ പേഴ്സനല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ കേന്ദ്രകമ്മിറ്റിയുടെ താക്കീത് ഏറ്റുവാങ്ങിയ പി.കെ. ശ്രീമതി വീണ്ടും വിവാദത്തില്‍പെട്ടതിനെ ഗൗരവത്തിലാണ് നേതൃത്വം കാണ ുന്നത്.

 

Tags:    
News Summary - polit buero meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.