തെരുവുനായ്ക്കളെ പിടിക്കാനും പൊലീസ്; സേനയിൽ മുറുമുറുപ്പ്

കോഴിക്കോട്: വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് തെരുവു നായ്ക്കളെയെത്തിക്കാൻ ജനമൈത്രി പൊലീസും പോവണമെന്ന നിർദേശത്തിനെതിരെ സേനയിൽ മുറുമുറുപ്പ്. സ്റ്റേഷനിൽ വിവിധ ഡ്യൂട്ടിചെയ്യുന്നവരും ക്രമസമാധാന, ട്രാഫിക് നിയന്ത്രണ ചുമതലയുള്ളവരും തെരുവുനായ്ക്കളെ പിടികൂടുന്നവർക്കൊപ്പം പോകണമെന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒട്ടുമിക്ക പൊലീസുകാരും.

തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുകയും നിരവധി പേർക്ക് പേവിഷബാധയേൽക്കുകയും ചെയ്തതോടെ തദ്ദേശ മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാനായി ഇറക്കിയ ഉത്തരവിലാണ് നായ്ക്കളെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ ജനമൈത്രി പൊലീസിന്റെ സേവനവും ഉപയോഗപ്പെടുത്തണമെന്ന് നിർദേശിച്ചത്.

സന്നദ്ധ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, മൃഗസംരക്ഷണ സംഘടന പ്രവർത്തകർ തുടങ്ങിയവർക്കൊപ്പമാണ് ജനമൈത്രി പൊലീസിന്റെ സഹായവും ഉപയോഗിക്കാൻ നിർദേശിച്ചത്.

ഇത്തരം മൃഗപരിപാലകർക്ക് (സന്നദ്ധ പ്രവർത്തകർക്ക്) രോഗം വരാതിരിക്കാൻ ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ കരുതൽ വാക്സിൻ നൽകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ലഹരിക്ക് അടിമകളാകുന്നത് മുമ്പില്ലാത്ത വിധം വർധിച്ചതോടെ സ്കൂളുകളും കോളജുകളുമെല്ലാം കേന്ദ്രീകരിച്ച് ലഹരിക്കെതിരായ ബോധവത്കരണ ചുമതല ജനമൈത്രി പൊലീസാണ്.

മാത്രമല്ല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റക്ക് താമസിക്കുന്നരുടെ സംരക്ഷണവും സഹായവും, സ്ത്രീ സുരക്ഷ പ്രവർത്തനങ്ങൾ എന്നിവയടക്കം നടത്തുന്നതിലും മുന്നിൽ പ്രവർത്തിക്കുന്നവരാണ് ജനമൈത്രി ബീറ്റ് ഓഫിസർമാർ.

ഇവരെ ദിവസങ്ങളോളം നീളുന്ന തെരുവ് നായ്ക്കളുടെ വാക്സിനേഷൻ ഡ്രൈവിലേക്ക് നിയോഗിക്കുന്നത് മറ്റു പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് ആക്ഷേപം.

മാത്രമല്ല ഓരോ സ്റ്റേഷനിലും മതിയായ ഉദ്യോഗസ്ഥരില്ലാത്തത് ക്രമസമാധാനപാലനത്തെയും നൈറ്റ് പട്രോളിങ്ങിനെയുമടക്കം പ്രതികൂലമായി ബാധിക്കുമ്പോഴാണ് നായ്ക്കളെ പിടിക്കുന്നതടക്കമുള്ള ജോലികൾ പുതുതായി ഏൽപിക്കുന്നത് എന്നും ഇവർ വിമർശനമുന്നയിക്കുന്നു. സ്റ്റേഷനുകളുടെ ചുമതല വഹിക്കുന്ന ഇൻസ്‍പെക്ടർമാരും പൊതുവെ സേനാംഗങ്ങളെ നായ്ക്കളെ പിടികൂടാൻ വിടില്ലെന്ന നിലപാടിലാണ്. 

Tags:    
News Summary - Police to catch stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.