തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച രണ്ട് രഹസ്യ റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തുനിന്ന് മുക്കി. മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശ പ്രകാരം പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയായിരുന്ന ടോമിൻ ജെ. തച്ചങ്കരിയും എ.ഐ.ജിയായിരുന്ന രാഹുൽ ആർ. നായരും ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് കൈമാറിയ റിപ്പോർട്ടുകളാണ് അപ്രത്യക്ഷമായത്. ഇതിനെത്തുടർന്ന് പൊലീസിൽ ‘അദർ ഡ്യൂട്ടി’ ചെയ്യുന്നവരുടെയും ക്യാമ്പ് ഫോളോവർമാരുടെയും വിശദാംശം ആവശ്യപ്പെട്ട് എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണൻ ജില്ല പൊലീസ് മേധാവിമാർക്കും എസ്.പിമാർക്കും വീണ്ടും സർക്കുലർ അയച്ചു.
പൊലീസിലെ 54,243 ഉദ്യോഗസ്ഥരിൽ ആറായിരത്തോളം പേർ പൊലീസിേൻറതല്ലാത്ത മറ്റു ജോലികളിലാണ്. പലരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേഴ്സനൽ സെക്യൂരിറ്റി ഓഫിസറും (പി.എസ്.ഒ) ഗൺമാൻമാരുമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവർ കടുത്ത ജോലി സമ്മർദത്തിലാണെന്നും വർഷം ശരാശരി ഏഴ് പൊലീസുകാർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണവിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
‘അദർ ഡ്യൂട്ടി’യുടെ പേരിൽ ഉദ്യോഗസ്ഥർക്കൊപ്പം കറങ്ങിനടക്കുന്നവരുടെയും വീട്ടുജോലി ചെയ്യുന്നവരുടെയും വിവരം അന്വേഷിക്കാനാണ് ടോമിൻ തച്ചങ്കരിയെ മുഖ്യമന്ത്രി കഴിഞ്ഞ വർഷം ചുമതലപ്പെടുത്തിയത്. തച്ചങ്കരിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഡി.ജി.പിയായിരുന്ന സെൻകുമാറിെൻറ ഗൺമാൻ അനിൽകുമാറിനെ പൊലീസ് ആസ്ഥാനത്തുനിന്ന് മാറ്റിയത്. സെൻകുമാറിനെ കൂടാതെ, പ്രത്യേക ഉത്തരവില്ലാതെ പൊലീസുകാരെ അനധികൃതമായി കൊണ്ടുനടക്കുന്ന 60 ഓളം ഐ.പി.എസുകാരുടെ ലിസ്റ്റും റിപ്പോർട്ടിലുണ്ടായിരുന്നു.
പൊലീസ് ആസ്ഥാനത്ത് മാത്രം രേഖയില്ലാതെ 90ഓളം ഉദ്യോഗസ്ഥർ അദർ ഡ്യൂട്ടിയുടെ പേരിൽ കറങ്ങിനടക്കുന്നുണ്ടെന്നാണ് രാഹുൽ ആർ. നായരുടെ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, രണ്ട് റിപ്പോർട്ടുകളും ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥൻ ഇടപെട്ട് പൊലീസ് ആസ്ഥാനത്തുനിന്ന് മുക്കുകയായിരുന്നു. ഐ.പി.എസുകാരുടെ വീടുകളിൽ ഉത്തരവില്ലാതെ പണിയെടുക്കുന്നവരെ എത്രയും വേഗം പൊലീസ് സ്റ്റേഷനുകളിൽ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് പിന്നീട് ഡി.ജി.പിയായി എത്തിയ ബെഹ്റക്ക് റിപ്പോർട്ട് കൈമാറിയെങ്കിലും ഒരു ഉദ്യോഗസ്ഥൻപോലും സ്റ്റേഷനുകളിൽ തിരിച്ചെത്തിയിട്ടില്ല.
ഇടത് സർക്കാറിെൻറ ഭാഗമായ മുൻ ഡി.ജി.പിയെ ‘സഹായിക്കാൻ’ മാത്രം 15ഓളം പൊലീസുകാർ ഇപ്പോഴുമുണ്ട്. ക്രമസമാധാന പാലനത്തിൽനിന്ന് സർക്കാർ മാറ്റി നിർത്തിയ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അനുവദിച്ചത് 20 ഓളം പൊലീസ്-ക്യാമ്പ് ഫോളവർമാരെയാണ്. സ്പെഷൽ യൂനിറ്റുകളിൽ നിയോഗിക്കുന്ന ഉദ്യോഗസ്ഥരെ മൂന്നുവർഷം കൂടുമ്പോൾ മാതൃസേനയിലേക്ക് മടക്കിവിളിക്കണമെന്നാണ് ചട്ടം.
റിപ്പോർട്ടിൽ നടപടിയുണ്ടായില്ല –തച്ചങ്കരി
പൊലീസിലെ അനധികൃത ഡ്യൂട്ടികൾക്കെതിരെ മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ, റിപ്പോർട്ടിൽ നടപടിയുണ്ടായില്ല. നൽകിയ റിപ്പോർട്ട് ഇപ്പോൾ ഉേണ്ടായെന്നുപോലും അറിയില്ല. ഐ.പി.എസുകാരുടെ വീട്ടിൽ പണിയെടുക്കുന്നവരുടെ കണക്ക് നൽകാൻ ഇൻറലിജൻസും ക്രൈംബ്രാഞ്ചും ആദ്യം തയാറായില്ല. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് കണക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.