റസീനയുടെ മരണം: മാതാവിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കള്ളക്കേസ് പിൻവലിക്കണം- എസ്.ഡി.പി.ഐ

കണ്ണൂർ: കായലോട് റസീനയുടെ ആത്മഹത്യയിൽ മാതാവ് തന്നെ സത്യം വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ ചുമത്തിയ കള്ളക്കേസ് പിൻവലിക്കണമെന്ന് എസ്.ഡി.പി.ഐ കണ്ണൂർ ജില്ല പ്രസിഡന്‍റ് ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

ഭർതൃമതിയായ റസീനയെ ആൺ സുഹൃത്ത് സാമ്പത്തികമായി ഉൾപ്പെടെ ചൂഷണം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കൾ ഇടപെട്ട വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാനാണ് സി.പി.എമ്മും പൊലീസും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചത്. എന്നാൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ തന്നെയായ മരണപ്പെട്ട യുവതിയുടെ മാതാപിതാക്കൾ സത്യം വെളിപ്പെടുത്തിയതോടെ സി.പി.എം പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ച സി.പി.എമ്മും വ്യാജ വാർത്തകൾ നൽകിയ മാധ്യമങ്ങളും പൊതുസമൂഹത്തോട് മാപ്പ് പറയണം. ലീഗ്, കോൺഗ്രസ് നേതാക്കളുടെയും മഹല്ല് ഭാരവാഹിയുടെയും സാന്നിധ്യത്തിൽ ഇരുവരുടെയും കുടുംബക്കാർ നടത്തിയ ചർച്ചയെ ആൾക്കൂട്ട വിചാരണ എന്ന് വിശേഷിപ്പിക്കുന്നത് പൊതുപ്രവർത്തകരെ അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്യമാണ്. ഇത്തരം വിഷയങ്ങളിൽ വാർത്തകൾ നൽകുമ്പോൾ സത്യാവസ്ഥ അന്വേഷിക്കാതെ നുണകൾ പടച്ചുവിടുന്നത് പത്ര ദൃശ്യ മാധ്യമങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസ്യതയെ പൂർണമായും ഇല്ലാതാക്കും.

കേട്ട പാതി കേൾക്കാത്ത പാതി താലിബാനിസമെന്നു പറഞ്ഞ് ഭീകരവൽക്കരിക്കാൻ ശ്രമിച്ച കണ്ണൂർ മുൻ എം.പിയും സി.പി.എം വനിതാ നേതാവുമായ പി.കെ ശ്രീമതി തെറ്റ് ഏറ്റുപറയാൻ തയാറാവണം. അഖിലേന്ത്യാ തലത്തിൽ വനിതകളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന പി.കെ. ശ്രീമതി, വിഷയത്തിൽ ചൂഷണത്തിന് ഇരയായ സ്ത്രീയുടെ കുടുംബത്തോടൊപ്പം നിൽക്കേണ്ടതിനു പകരം രാഷ്ട്രീയവൽക്കരിക്കാൻ നടത്തിയ ശ്രമം തികച്ചും അപലപനീയമാണ്. സത്യാവസ്ഥ പുറത്തു വന്ന സ്ഥിതിക്ക് പൊലീസ് കള്ളക്കേസ് പിൻവലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Police should withdraw false case in Raseena Death says SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.