തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ. വാസുവിനെ കൈവിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസുകാർ. കൈവിലങ്ങ് ധരിപ്പിച്ചത് വാസുവിന്‍റെ അനുവാദത്തോടെയാണെന്നും വിലങ്ങ് ധരിപ്പിക്കുന്നതിന് മുമ്പ് വാസുവിനെക്കുറിച്ചോ കേസിനെക്കുറിച്ചോ അറിയില്ലായിരുന്നുവെന്നും എ.ആർ ക്യാമ്പിലെ എസ്.ഐയും നാലു പൊലീസ് ഉദ്യോഗസ്ഥരും മൊഴി നൽകി.
കൈവിലങ്ങ് ധരിപ്പിച്ചത് പ്രത്യേക ഉദ്ദേശത്തോടെയായിരുന്നില്ല. പ്രതികളെ കൊണ്ടുപോകുമ്പോൾ ചെയ്യുന്ന നടപടിയുടെ ഭാഗമായി മാത്രമാണ് ഒരു കൈയില്‍ വിലങ്ങ് വെച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം എ.ആർ ക്യാമ്പ് കമാണ്ടന്‍റാണ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് വാസുവിനെ കൈവിലങ്ങണിയിച്ച് കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. ഏതൊക്കെ പ്രതികൾക്ക് കൈവിലങ്ങ് വെക്കണമെന്ന് ബി.എൻ.എസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്‌പെഷൽ ബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസുകാരോട് വിശദീകരണം തേടിയത്.
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിന്‍റെ ജാമ്യ ഹരജിയിൽ ഡിസംബർ മൂന്നിന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. ഹരജിയിൽ ജഡ്ജി സി. മോഹിതിന് മുന്നിൽ വാദം പൂർത്തിയായി. വാസുവിന്‍റെ അറിവോടെയല്ല ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറാനുള്ള നടപടികൾ നടന്നതെന്ന് പ്രതിഭാഗം വാദിച്ചു. മുരാരി ബാബുവിന്‍റെ കത്ത് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തത്.
പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോഴും ബോർഡ് ഉത്തരവിറക്കിയപ്പോഴും എൻ. വാസു ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, തെളിവ് നശിപ്പിക്കും എന്ന വാദമുന്നയിച്ച് എൻ. വാസുവിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. കേസിലെ എസ്.ഐ.ടി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
കേസിലെ മറ്റൊരു പ്രതി മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജുവിന്‍റെ ജാമ്യ ഹരജിയും കോടതി പരിഗണിച്ചു. ഈ ഹരജിയിൽ 29ന് വിധി പറയും. റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിനെ കസ്റ്റഡിയിൽ കിട്ടാനുള്ള എസ്.ഐ.ടിയുടെ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. മുരാരി ബാബുവിന്‍റെ ജാമ്യ ഹരജിയും പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വീണ സതീശനും എൻ. വാസുവിന് വേണ്ടി അഡ്വ. സി.എസ്. സുനിൽ മങ്ങാട്, അഡ്വ. ബി.എൻ. ഹസ്കർ എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.