ആലപ്പുഴ: അപകടത്തിൽ പരിക്കേറ്റ യുവതിക്കുനേരെ രക്ഷാപ്രവർത്തനത്തിനിടെ വ്യാപാരി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി. ആശുപത്രിയിൽവെച്ച് യുവതിയോട് ഡിസ്ചാർജ് ചെയ്ത് പോകാൻ പ്രതി ഭീഷണിപ്പെടുത്തിയതടക്കം അന്വേഷിക്കാൻ കായംകുളം ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
ആദ്യദിനം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തിയെന്ന് മോഹനചന്ദ്രൻ പറഞ്ഞു. രഹസ്യമൊഴിയെടുക്കാൻ 183 വകുപ്പ് ചുമത്തി കോടതിയിൽ അപേക്ഷയും നൽകി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പൊലീസ് കേസെടുത്തത്. ഏഴുവർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്ക് സ്റ്റേഷൻ ജാമ്യം നൽകാമെന്ന ചട്ടമനുസരിച്ചാണ് ജാമ്യം നൽകിയത്.
മലയാറ്റൂരിൽനിന്ന് കൊല്ലത്തേക്ക് പോയ ഓട്ടോറിക്ഷയാണ് കായംകുളം കെ.പി.എ.സി ജങ്ഷനിൽ അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനിടെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ഈസമയം രക്ഷാപ്രവർത്തനത്തിനെത്തിയ സിനിൽ സബാദ് മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അതിക്രമം. ആശുപത്രിയിലെത്തി എക്സ്റേ എടുക്കുന്ന സമയത്താണ് യുവതി ഇക്കാര്യം ഡോക്ടറോട് പറഞ്ഞത്. അപ്പോൾതന്നെ ആശുപത്രിയിൽനിന്ന് കൃത്യമായ വിവരം പൊലീസിന് കിട്ടിയിരുന്നു. പിറ്റേദിവസം വൈദ്യപരിശോധനയും നടത്തി. അപകടസ്ഥലം ഹോട്ട്സ്പോട്ട് അല്ല. ഇവിടെനിന്ന് 200 മീറ്റർ മാറിയാണ് പ്രതിയുടെ വീടെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ: പ്രതിയായ വ്യാപാരി സിനിൽ സബാദിനെതിരെ നടപടി വേണമെന്നും ഇക്കാര്യത്തിൽ തന്റെ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും യുവതി. അർധരാത്രി അപകടസമയത്ത് താൻ നേരിട്ട ലൈംഗികാതിക്രമം മറക്കാനാവുന്നില്ല. കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരിൽ പോയി ഓട്ടോറിക്ഷയിൽ കൊല്ലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
അർധരാത്രി 12.45ന് കായംകുളം കെ.പി.എ.സി ജങ്ഷനിൽ ഓട്ടോ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. പെട്ടി ഓട്ടോയിലെത്തിയവരും ബൈക്കിലെത്തിയ പ്രതിയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പെട്ടി ഓട്ടോ അൽപം ദൂരെയാണ് നിർത്തിയിരുന്നത്. ഇതിൽ വന്നവർ കാൽഭാഗത്തും പ്രതി തന്റെ തോളിന്റെ ഭാഗത്തുമാണ് പിടിച്ചത്. ഈ സമയത്താണ് അതിക്രമം നേരിട്ടത്.
അപ്പോൾതന്നെ നിലവിളിച്ചെങ്കിലും പരിക്കിനെതുടർന്നുള്ള വേദന കാരണമാണെന്നാണ് മറ്റുള്ളവർ കരുതിയത്. അപകടത്തിന് പിന്നാലെ ശബ്ദം താഴ്ന്നു, ശ്വാസംമുട്ടലുണ്ടായി. എന്നാൽ, ബോധരഹിതയായില്ല. അവിടെ നടന്നതെല്ലാം വ്യക്തമായി ഓർയിലുണ്ടെന്നും യുവതി പറഞ്ഞു
ആലപ്പുഴ: വ്യാപാരി പീഡിപ്പിച്ചെന്ന പരാതിയിൽ വീണ്ടും യുവതിയുടെ മൊഴിയെടുക്കും. പുതിയ അന്വേഷണ ചുമതലയുള്ള കായംകുളം ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിലാണ് പരാതിക്കാരിയുടെ മൊഴിയെടുക്കുക.
കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിലെ മൊഴിയിൽ തൃപ്തിയില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും മൊഴിയെടുക്കുന്നത്. ഇതിനായി കായംകുളത്തേക്ക് വരാമോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഫോണിലൂടെ ചോദിച്ചതായി കൊല്ലം സ്വദേശിനിയായ യുവതി പറഞ്ഞു. അപകടത്തിൽ കാലിലും തോളിലും താടിയെല്ലിലുമുണ്ടായ പരിക്കുമൂലം തിരുവനന്തപുരത്തെ ആശുപത്രിയിലാണ്. അതിനാൽ യാത്ര ചെയ്യാനാകുമോയെന്ന് ഡോക്ടറുടെ നിർദേശം ലഭിച്ചശേഷം തീരുമാനിക്കും. യാത്രാപ്രതിസന്ധിയുണ്ടെങ്കിൽ തിരുവനന്തപുരത്തെത്തി മൊഴി രേഖപ്പെടുത്താമെന്ന് ഡിവൈ.എസ്.പി അറിയിച്ചതായും യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.