കൊച്ചി: പൊതുജനത്തോടു പൊലീസ് മോശമായി പെരുമാറുന്നു എന്ന പരാതിക്കും ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന ഡി.ജി.പിയുടെ മുന്നറിയിപ്പിനും നടുവിൽ പൊലീസുകാർക്ക് പറയാനുള്ളത് കടുത്ത മനുഷ്യാവകാശ ലംഘനത്തിെൻറയും മാനസിക പീഡനത്തിെൻറയും കഥകൾ. പൊതുജനത്തോട് മാന്യമായി പെരുമാറണമെന്ന് ഉപദേശിക്കുന്ന ഉന്നതോദ്യോഗസ്ഥർ പലരും തങ്ങളോട് മനുഷ്യത്വത്തോടെ ഇടപെടാറില്ലെന്ന് പൊലീസുകാർ പറയുന്നു.
ജോലിഭാരവും മേലുദ്യോഗസ്ഥരുടെ പീഡനവും മൂലം ഭൂരിഭാഗവും അസംതൃപ്തരാണ്. മനംമടുത്ത് ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം ഒാരോ വർഷവും കൂടിവരുന്നു. മാനസിക സമ്മർദം താങ്ങാനാവാതെ കഴിഞ്ഞ 16 മാസത്തിനിടെ 17 പൊലീസുകാർ ആത്മഹത്യ ചെയ്തു. പല കേസുകളിലും ഏകപക്ഷീയമായി പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്ന തങ്ങളുടെ ഭാഗം കേൾക്കാൻ ആരുമില്ലെന്നാണ് പ്രധാന പരാതി. ലോക്കൽ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ ദുരിതം. നിയമപ്രകാരം ജോലി എട്ടു മണിക്കൂറാണെങ്കിലും പലപ്പോഴും തുടർച്ചയായി 16 മണിക്കൂർ വരെ പണിയെടുക്കേണ്ടിവരുന്നു. ഉറക്കമൊഴിഞ്ഞ് ജോലി ചെയ്തശേഷം വാഹനമോടിച്ച് വീട്ടിലേക്ക് പോയ പൊലീസുകാർ അപകടത്തിൽപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. ഭാര്യയോ മക്കളോ മാതാപിതാക്കളോ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ആയാൽ പോലും പോകാൻ കഴിയാത്ത അവസ്ഥ. അച്ചടക്ക നടപടി ഭയന്ന് മേലുദ്യോഗസ്ഥരുടെ തിട്ടൂരങ്ങളെ ആരും ആദ്യംചെയ്യാറില്ല.
ട്രാഫിക്കിൽ തുടർച്ചയായി രണ്ട് മണിക്കൂറായിരുന്നു നേരത്തേ ജോലിസമയം. ഇതു പിന്നീട് മൂന്നു മണിക്കൂറാക്കി. വാഹനപ്പെരുപ്പത്തിന് ആനുപാതികമായി ട്രാഫിക് പൊലീസുകാരുടെ എണ്ണം വർധിപ്പിച്ചില്ല. മേലുദ്യോഗസ്ഥർ നിശ്ചയിച്ചുനൽകിയ ലക്ഷ്യം തികക്കാനുള്ള പെടാപ്പാടാണ് മനുഷ്യത്വരഹിതമായ വാഹനപരിശോധനക്ക് പ്രേരിപ്പിക്കുന്നതത്രെ. ദിവസം ചുരുങ്ങിയത് പത്ത് ഹെൽമറ്റ് കേസും അഞ്ച് മദ്യപിച്ച് വാഹനമോടിക്കുന്ന കേസും പിടിക്കണമെന്നാണ് നിർദേശം. രാത്രി പട്രോളിങിനിടെ രണ്ട് അപരിചിതരെയെങ്കിലും പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നിരിക്കണം. സ്റ്റേഷെൻറ സ്വഭാവമനുസരിച്ച് ഇൗ പരിധി ഉയരും. ലക്ഷ്യം തികക്കാത്തവർ ശകാരം കേൾക്കേണ്ടിവരും. വീഴ്ച ആവർത്തിച്ചാൽ വാർഷിക ഇൻക്രിമെൻറ് തടയുന്നതടക്കം കർശന നടപടിയുണ്ടാകും.
പ്രധാന ചുമതലകളായ കേസന്വേഷണവും ക്രമസമാധാന പാലനവും നിർവഹിക്കാൻ പൊലീസിന് കഴിയാത്ത അവസ്ഥയാണ്. സുപ്രധാന കേസുകളിലൊന്നും ശരിയായ അന്വേഷണം നടക്കുന്നില്ല. രാഷ്ട്രീയക്കാരുടെ സമ്മർദമാണ് പ്രധാന കാരണം. പൊലീസ് നടപ്പാക്കുന്ന പല പദ്ധതികളും മേലുദ്യോഗസ്ഥരുടെ സ്വാർഥലാഭം ലക്ഷ്യമിട്ടുള്ളതാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.