കിളികൊല്ലൂരിൽ സഹോദരങ്ങൾ ഇരയായത് പൊലീസിന്‍റെ ക്രൂരമർദനത്തിന്; കൈവിരലുകൾ തല്ലിയൊടിച്ചു

കൊല്ലം: കിളികൊല്ലൂരിൽ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും മർദനമേറ്റെന്ന് സമ്മതിച്ച് പൊലീസ്. വിഷയം നിയമപരമായി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോർട്ട് നൽകി. പൊലീസും യുവാക്കളും തമ്മിലെ തർക്കാണ് മർദനത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി. എസ്.എച്ച്.ഓയോട് സ്റ്റേഷൻ ചുമതലകളിൽനിന്ന് വിട്ടുനിൽക്കാനും നിർദേശിച്ചിട്ടുണ്ട്. ദക്ഷിണ മേഖല ഐ.ജിയോട് ഡി.ജി.പി ആവശ്യപ്പെട്ടത് പ്രകാരമാണ് കമ്മീഷണര്‍ മെറിന്‍ ജോസഫ് റിപ്പോർട്ട് നൽകിയത്.

സഹോദരങ്ങളെ ക്രൂരമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. കേസുമായി മുന്നോട്ട്പോകാനാണ് സഹോദരങ്ങളുടെ തീരുമാനം. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു.

സൈനികനായ വിഷ്ണു, സഹോദരൻ വിഘ്നേഷ് എന്നിവർക്കാണ് കിളികൊല്ലൂർ പൊലീസിൽനിന്ന് ക്രൂര മർദനമേറ്റത്. കൈവിരലുകൾ തല്ലി ഒടിച്ചെന്ന് സഹോദരങ്ങൾ പറയുന്നു. പൊലീസുകാർക്കെതിരെ നീങ്ങിയാൽ വീട്ടിൽ കഞ്ചാവ് കൊണ്ടുവെച്ച് പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ഇവർക്കെതിരെ കേസെടുത്ത് 12 ദിവസം റിമാൻഡ് ചെയ്യുകയും ചെയ്തു.

എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനില്‍നിന്ന് നാലുപേരെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇവരെ കാണാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനില്‍ കടന്ന് പൊലീസുകാരനെ ആക്രമിച്ചു എന്നാണ് ഇവർക്കെതിരെയെടുത്ത കേസ്.

സംഭവത്തിൽ പൊലീസ് നിസാര നടപടിയാണ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചതെന്ന് വിമർശനമുണ്ട്. മൂന്ന് പൊലീസുകാരെ സ്ഥലംമാറ്റുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ. അനീഷിനെ പാരിപ്പള്ളിയിലേക്കും, സീനിയര്‍ സി.പി.ഒ.മാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി.ആര്‍. ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കുമാണ് സ്ഥലം മാറ്റിയത്. ഇവര്‍ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും തങ്ങളെ മർദിച്ചിട്ടുണ്ടെന്ന് സഹോദരങ്ങൾ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. കേസിൽപെട്ടതോടെ വിഷ്ണുവിന്‍റെ നിശ്ചയിച്ച വിവാഹം മുടങ്ങിയിരുന്നു.

Tags:    
News Summary - police brutality in Kilikollur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.