കമ്പംമെട്ട് സി.ഐയുടെ മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ
തൊടുപുഴ: സാധാരണക്കാർക്ക് നേരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അതിക്രമത്തിന്‍റെ മറ്റൊരു വാർത്ത ഇടുക്കിയിൽ നിന്ന്. ഇടുക്കി കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ കമ്പംമെട്ട് സി.ഐ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുമരംമെട്ട് സ്വദേശിയായ മുരളീധരനാണ് മർദനമേറ്റത്. ഡിസംബർ 31ന് പുതുവർഷാഘോഷത്തിനിടെയായിരുന്നു മർദനം.
സി.ഐയുടെ അടിയേറ്റ് നിലത്ത് വീണ മുരളീധരന്‍റെ പല്ല് പൊട്ടിയിരുന്നു. എന്നാൽ, ആശുപത്രി ചെലവ് വഹിക്കാമെന്ന് പറഞ്ഞ് പൊലീസുകാർ സംഭവം ഒതുക്കുകയായിരുന്നു. ചികിത്സ ചെലവ് വഹിക്കാതായതോടെ മുരളീധരൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
മർദനമേറ്റ കാര്യം മുരളീധരൻ ആദ്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. മുരളീധരനെ സി.ഐ തല്ലിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പ്രചരിക്കുകയും കുടുംബത്തിന് കിട്ടുകയുമായിരുന്നു. തുടർന്ന് ജനുവരി 16നാണ് പരാതിയുമായി മുന്നോട് പോകാൻ കുടുംബം തീരുമാനിച്ചതെന്ന് മുരളീധരന്റെ മകൾ അശ്വതി പറയുന്നു.
എസ്.പി ഓഫിസിൽ പരാതി നൽകിയ ശേഷം ഡിവൈ.എസ്.പി ഓഫിസിൽ വിളിച്ച് മൊഴിയെടുത്തെന്നും അശ്വതി പറയുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.