പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും വിവിധ ബാങ്കുകളുമായി ചേർന്ന് സംയുക്ത കർമപദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനായി സംസ്ഥാന സൈബർ വിഭാഗവും വിവിധ പൊതുമേഖല, സ്വകാര്യ ബാങ്കുകളിലെ പ്രതിനിധികളും പങ്കെടുത്ത സംസ്ഥാനതല ഏകോപന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം നഷ്ടപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുന്ന തരത്തിലാകും നടപടികൾ. സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും പരാതികൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനും പൊലീസിന്റെയും ബാങ്കുകളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ജോയന്റ് സൈബർ കമ്മിറ്റിക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളും പ്രതിരോധ മാർഗങ്ങളും, പരാതി പരിഹാര സംവിധാനങ്ങൾ, തട്ടിപ്പിനിരയായവരുടെ പണം വീണ്ടെടുക്കാനുള്ള നടപടികൾ, മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തുന്നതിൽ ബാങ്കുകളുടെ പങ്ക്, പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ, സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ ഐ.ജി പി. പ്രകാശ്, പൊലീസ് ആസ്ഥാനം എ.ഐ.ജി ജി. ജയ്ദേവ്, സൈബർ ഓപറേഷൻ എസ്.പി അങ്കിത് അശോകൻ, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
വ്യാജ ഐ.ഡി ഉപയോഗിച്ച് പണം ആവശ്യപ്പെടുന്നതും വായ്പ ആപ്പുകളിലെ തട്ടിപ്പിനിരയാവുന്നതും സംസ്ഥാനത്ത് വർധിച്ചു വരികയാണ്. ഇത്തരം കേസുകളിൽ സൈബർ പൊലീസ്തന്നെ വ്യാജ ഐ.ഡിയും വായ്പ ആപ്പുകളും ഫോണിൽനിന്ന് ഒഴിവാക്കി നൽകുകയാണു ചെയ്യുന്നത്.
ഫേസ്ബുക്കിൽ വ്യാജ ഐ.ഡി ഉപയോഗിച്ച് പണം ആവശ്യപ്പെടുന്ന തട്ടിപ്പുകളിൽ റിപ്പോർട്ട് ചെയ്ത് അക്കൗണ്ട് പൂട്ടിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യും. അല്ലാത്ത കേസുകളിൽ ഫേസ്ബുക്കിനോട് അക്കൗണ്ട് ഒഴിവാക്കാൻ ആവശ്യപ്പെടും. ഇതിന് ഒരുമാസമെടുക്കുമെന്നതാണ് നിലവിലെ പരിമിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.