സൈബർ തട്ടിപ്പിൽ കുടുങ്ങി പൊലീസും; സിറ്റി പൊലീസ് കമീഷണറുടെ ഓഫിസ് അക്കൗണ്ടിൽനിന്ന് 25,000 രൂപ തട്ടിയെടുത്തു

തിരുവനന്തപുരം: സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിൽ നിന്ന് കാൽ ലക്ഷം രൂപ അടിച്ചെടുത്ത് സൈബർ തട്ടിപ്പുസംഘം. ഓഫിസിലെ പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ സന്ദേശവുമെത്തുന്ന അക്കൗണ്ട്സ് ഓഫിസറുടെ മൊബൈൽ നമ്പറിൽനിന്നാണ് പണം തട്ടിയത്. 25,000 രൂപയാണ് ചോർത്തിയത്. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സൈബർ തട്ടിപ്പ് കുഴികളിൽ വീഴരുതെന്നും ഒ.ടി.പി നമ്പർ ചോദിച്ചാൽ കൈമാറരുതെന്നും നിരന്തര ബോധവത്കരണം നടത്തുന്ന ഓഫിസിനെയാണ് തട്ടിപ്പ് സംഘം പറ്റിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിൽ നിന്നെന്ന് വിശ്വസിപ്പിച്ച് ഒരു സന്ദേശമെത്തി. കെ.വൈ.സി ഉടൻ പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് റദ്ദാക്കുമെന്നായിരുന്നു സന്ദേശം. അക്കൗണ്ട് ഓഫിസർ മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു. തട്ടിപ്പ് സംഘം ആവശ്യപ്പെട്ടപ്പോള്‍ ഒ.ടി.പിയും നൽകി. മിനിറ്റുകള്‍ക്കുള്ളിൽ എസ്.ബി.ഐയുടെ ജഗതി ശാഖയിൽനിന്ന് 25,000 രൂപ പോയി.

സൈബർ പൊലീസിൽ പരാതി നൽകി. ചോർത്തുന്ന പണം തട്ടിപ്പുകാരുടെ അക്കൗണ്ടിൽനിന്ന് മാറ്റി പിൻവലിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, പൊലീസിന്‍റെ അക്കൗണ്ടിൽനിന്ന് ചോർത്തിയ പണം പിൻവലിക്കുന്നതിനുമുമ്പ് തടഞ്ഞെന്ന് ഡി.സി.പി പറഞ്ഞു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും പൊലീസ് പറയുന്നു.

Tags:    
News Summary - Police also caught in cyber fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.