കോഴിക്കോട്: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്കിൽ ശക്തമായ വിമർശനവുമായി കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ.സച്ചിദാനന്ദൻ. മനുഷ്യരെ കരയിപ്പിക്കാനല്ല കണ്ണീര്‍ തുടക്കാനാണ് യേശു പഠിപ്പിച്ചതെന്ന് സച്ചിദാനന്ദൻ പറഞ്ഞു.
"ക്രിസ്തുവിരോധികള്‍ ക്രിസ്തുമതത്തില്‍ വര്‍ധിക്കുന്നു. ഇവർ ആദ്യം കണ്ണാടി നോക്കട്ടെ, പിന്നെ രാജസ്ഥാനില്‍ പോയി, മുഖം മറച്ച ഹിന്ദുസ്ത്രീകളെ കാണട്ടെ. മനുഷ്യരെ കരയിപ്പിക്കാനല്ല യേശു പഠിപ്പിച്ചത്, കണ്ണീര്‍ തുടക്കാനാണ്."-എന്നാണ് കെ.സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്.
വിവാദത്തിൽ സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റിന് തിരിച്ചടിയായി വെള്ളിയാഴ്ച ഹൈകോടതി ഉത്തരവുണ്ടായി. വിദ്യാർഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈകോടതി തള്ളിയത്. ശിരോവസ്ത്രം ധരിച്ചതിന് സെന്‍റ് റീത്താസ് സ്കൂൾ മാനേജ്മെന്‍റ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പുറത്താക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയ സുബിൻ പോൾ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ സ്കൂളിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നും സ്കൂൾ നിഷ്കർഷിക്കുന്ന യൂനിഫോമിന്‍റെ രീതിയിലെ ശിരോവസ്ത്രം ധരിച്ച് കുട്ടിക്ക് സ്കൂളിൽ വരാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സ്കൂൾ മാനേജ്മെന്‍റ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ശിരോവസ്ത്ര വിവാദത്തിൽ പ്രതികരണവുമായി വിദ്യാർഥിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തിയിരുന്നു. വിദ്യാർഥിനി സെന്‍റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാൻ തീരുമാനമെടുത്തതായി പിതാവ് പറഞ്ഞു. ഈ സ്‌കൂളിൽ പഠിക്കുന്നതിൽ മാനസിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന കുട്ടിയുടെ ആവശ്യപ്രകാരമാണ് സ്‌കൂൾ മാറ്റുന്നതെന്ന് പിതാവ് വ്യക്തമാക്കി. സ്‌കൂളിന്റെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെന്നും പിതാവ് ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.