ഇരിട്ടി: ട്യൂഷൻ സെന്ററിൽ 15കാരിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സെന്റർ നടത്തിപ്പുകാരനും ആർ.എസ്.എസ് പ്രവർത്തകനുമായ അധ്യാപകനെതിരെ ഇരിട്ടി പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. ട്യൂഷൻ സെൻറർ നടത്തിപ്പിന്റെ മറവിൽ പഠിതാവായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ നാദാപുരം കുറ്റ്യാടിയിലെ രഞ്ജിത്ത് നരിപ്പറ്റ ക്ക് (39) എതിരെയാണ് പോക്സോ വകുപ്പ് ചേർത്ത് കുറ്റപത്രം നൽകുക.
ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ പരാതിയിൽ രണ്ടു ദിവസം മുമ്പാണ് രഞ്ചിത്ത് നരിപ്പറ്റയെ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിക്കടുത്ത് പയഞ്ചേരി ജബ്ബാർ കടവിനടുത്ത് നിന്ന് അറസ്റ്റു ചെയ്തത്. പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്. ഇയാൾക്ക് ജാമ്യം ലഭിക്കാതിരിക്കാനും വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിനുമാണ് മൂന്ന് ആഴ്ചക്കുള്ളിൽ കോടതിയിൽ കുറ്റപത്രം നൽകാൻ ഒരുങ്ങുന്നത്.
നാദാപുരം കുറ്റ്യാടി സ്വദേശിയായ രഞ്ജിത്ത് നരിപ്പറ്റ പി.എസ്.സി പരിശീലനത്തിനായാണ് രണ്ടു വർഷം മുമ്പ് ഇരിട്ടിയിലെത്തുന്നത്. പാതി വഴിയിൽ പി.എസ്.സി പഠനം ഉപേക്ഷിച്ച് മലയോര മേഖലയിൽ വിവിധ കേന്ദ്രങ്ങളിൽ ട്യുഷൻ സെന്റർ നടത്തി വരുകയായിരുന്നു. ആർ.എസ്.എസ് -ബി.ജെ.പി പ്രസിദ്ധീകരണങ്ങളിൽ ലേഖകനാണ് പ്രതി. ഇയാളുടെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചികിത്സിച്ച ഡോക്ടറുടെ നിർദേശപ്രകാരം കൗൺസലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
ഉടനെ ഇരിട്ടി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇരിട്ടിക്കടുത്ത് കല്ലുമുട്ടിയിൽ ട്യൂഷൻ സെന്റർ തുടങ്ങാനെന്ന് പരസ്യം നൽകി വിദ്യാർഥികളെയും രക്ഷിതാക്കളെയും വിശ്വസിപ്പിച്ച് നിരവധിപേരിൽനിന്ന് ഇയാൾ പണം വാങ്ങി വഞ്ചിച്ചതായുള്ള പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും പ്രത്യേക അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.