ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത ആറുമാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന ‘വൃന്ദാവന’ത്തിൽ ശ്രീനാഥ് നമ്പൂതിരിയെ (31) തെരഞ്ഞെടുത്തു. ശനിയാഴ്ച ഉച്ചപൂജക്ക് ശേഷം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പ് നടന്നത്. നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.
മേൽശാന്തി തെരഞ്ഞെടുപ്പിന് തന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ച 45 പേരിൽ 41 പേർ ഹാജറായി. ഇവരിൽനിന്ന് യോഗ്യത നേടിയ 40 പേരുടെ പേരുകൾ വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്. ഈ മാസം 30നാണ് ശ്രീനാഥ് നമ്പൂതിരി ചുമതലയേൽക്കുക.
പിതാവ് പൊട്ടക്കുഴി നാരായണൻ നമ്പൂതിരിയില്‍നിന്നാണ് ശ്രീനാഥ് നമ്പൂതിരി പൂജാവിധികൾ പഠിച്ചത്. അങ്കമാലി കൈപ്പുള്ളി മനക്കല് അനിത അന്തര്‍ജനമാണ് മാതാവ്. തൃശൂർ സെന്റ് മേരീസ് കോളജ് അസി. പ്രഫസർ ഇരിങ്ങാലക്കുട എക്കാട് മനക്കൽ കാവ്യയാണ് ഭാര്യ. ഗുരുവായൂർ ക്ഷേത്രം ഓതിക്കൻ കുടുംബാംഗമായ ശ്രീനാഥ് 2009 മുതൽ ക്ഷേത്രത്തിൽ പൂജാവിധികളിൽ പങ്കെടുത്തുവരുന്നുണ്ട്. പിതാവ് പൊട്ടക്കുഴി നാരായണൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.