പി.എം ശ്രീ: സാംസ്കാരിക നായകരുടെ മൗനം ചർച്ചയാകുന്നു

തൃശൂർ: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ കാവിവത്കരണത്തിന് കാരണമാകുന്ന പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ ഒപ്പുവെച്ച സംഭവത്തിൽ സാംസ്കാരിക നായകരുടെ മൗനം ചർച്ചയാകുന്നു. സി.പി.ഐയെപ്പോലും തള്ളി മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി പി.എം ശ്രീയിൽ ഒപ്പിട്ട സംഭവത്തിൽ പ്രതികരണവുമായി സാംസ്കാരിക നായകർ രംഗത്തെത്താത്തതാണ് വിമർശനവിധേയമാകുന്നത്.

സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ, എഴുത്തുകാരി സാറാ ജോസഫ്, സംവിധായകൻ പ്രിയനന്ദനൻ എന്നിവരല്ലാതെ ആരും വിഷയത്തിൽ കാര്യമായ പ്രതികരണത്തിന് മുതിർന്നിട്ടില്ല. നേരത്തേ പി.എം ശ്രീക്കെതിരെ ലേഖനങ്ങൾ എഴുതിയവർപോലും സംസ്ഥാന സർക്കാർ ഒപ്പിട്ട സംഭവത്തിൽ മൗനം തുടരുകയാണ്.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽപോലും ബുദ്ധിജീവികളും സാംസ്കാരിക നായകരും മൗനം പാലിക്കുന്നത് പദവികൾ സംരക്ഷിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ കീഴടങ്ങുന്നതിനേക്കാൾ നല്ലത് ഭരണമൊഴിഞ്ഞ് പോകലാണെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാകുന്ന പി.എം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുന്നുവെന്നായിരുന്നു സാറാ ജോസഫിന്റെ പ്രതികരണം.

ഭരണകൂടത്തോട് ചേർന്നുനിൽക്കുന്ന പ്രമുഖ ബുദ്ധിജീവികൾ ഒന്നുകിൽ നിശ്ശബ്ദരാവുകയോ ദുർബലമായ ന്യായീകരണങ്ങളുമായി രംഗത്തുവരുകയോ ചെയ്തതായി പ്രിയനന്ദനൻ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തേ പി.എം ശ്രീക്കെതിരെയും വിദ്യാഭ്യാസത്തിലെ കാവിവത്കരണത്തിനെതിരെയും നിരന്തരം പ്രതികരിച്ചിരുന്നവർ ഇടതു സർക്കാർ ഒപ്പുവെച്ചതോടെ മൗനം അവലംബിക്കുന്നതും മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാറുകൾ ഒപ്പിട്ടത് അടക്കം ഉന്നയിച്ച് വിഷയത്തെ ലഘൂകരിക്കുന്നതും സമൂഹമാധ്യമങ്ങളിൽ അടക്കം ഉന്നയിക്കപ്പെടുന്നുമുണ്ട്.

സി.പി.ഐ-സി.പി.എം ബന്ധം അറ്റുപോകില്ല -എ.കെ. ബാലൻ

പാലക്കാട്: സി.പി.ഐ-സി.പി.എം ബന്ധം അറ്റുപോകുമെന്ന ധാരണ വേണ്ടെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. ഭരണതലത്തിലും രാഷ്ട്രീയമായും ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ശക്തമാണ്. എൽ.ഡി.എഫിലെ ആരും യു.ഡി.എഫിലേക്ക് പോകില്ലെന്നും എ.കെ. ബാലൻ പറഞ്ഞു.

ബിനോയ് വിശ്വത്തിന്റേത് അടിസ്ഥാനരഹിതമായ പ്രതികരണമാണ്. വൈകാരികമായ പ്രതികരണമായിട്ടാണ് അദ്ദേഹത്തിന്റെ സംസാരത്തെ കണക്കാക്കുന്നത്. വൈകാതെ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് കൺവീനർ സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇതിനർഥം യു.ഡി.എഫ് ശുഷ്‌കമാണെന്നാണ്. എൽ.ഡി.എഫിൽനിന്ന് ഒരു ഘടകകക്ഷിയെ കിട്ടാതെ യു.ഡി.എഫ് അധികാരത്തിൽ വരില്ലെന്ന സന്ദേശമാണ് ഇതുവഴി അടൂർ പ്രകാശ് നൽകിയതെന്നും എ.കെ. ബാലൻ പറഞ്ഞു.

Tags:    
News Summary - PM Shri: The silence of cultural leaders is being discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.