ഇടുക്കിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ കരിങ്കൊടി കാണിച്ച് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍
കട്ടപ്പന: ഇടുക്കിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനുനേരെ കരിങ്കൊടി കാണിച്ച് യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ. കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം കട്ടപ്പനയിലേക്ക് പോകുന്ന വഴിയാണ് റോഡരികിൽ കാത്തുനിന്ന പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നിർത്താതെ പോയി. ഇ.എസ്.ഐ പരിധിയിൽനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും ചിന്നക്കനാലിലെ ആനത്താരകൾ പുനസ്ഥാപിക്കാനുള്ള കലക്ടറുടെ ഉത്തരവ് പിൻവലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കരിങ്കൊടി പ്രതിഷേധം. യൂത്ത് ഫ്രണ്ട് (എം) ജില്ല പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ല ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.
സർക്കാറിന്‍റെ അറിവോടെ ഇടുക്കി ജില്ല കലക്ടർ പുറപ്പെടുവിച്ച മനുഷ്യ-വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ജനദ്രോഹ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇടുക്കിയിലെ ഭൂവിഷയങ്ങളും പട്ടയ പ്രതിസന്ധിയും പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച കേന്ദ്രത്തിന്‍റെ കരട് വിജ്ഞാപനവും മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും.
നേരത്തെ, വിമാന യാത്രയുടെ സ്‌പോണ്‍സർ ആരാണെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 'ഞാൻ നിങ്ങളെ കാണാൻ ഉദ്ദേശിക്കുന്നില്ല, മാറി നിൽക്കണം' എന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ആളുകളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കട്ടേയെന്നും നിങ്ങള്‍ മാറിനില്‍ക്കണം എന്നും വി.ഡി. സതീശന്‍ പറയുന്നത് വിഡിയോയിൽ കേൾക്കാനാകും.
പരിസരത്തു നിന്ന് മാധ്യമപ്രവർത്തകരെ നീക്കാൻ പൊലീസുകാരോടും ആവശ്യപ്പെടുന്നുണ്ട്. മാധ്യമങ്ങളെ കാണാൻ ഇല്ലെന്നും ദയവായി മാധ്യമങ്ങൾ മാറി നിൽക്കണമെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടുക്കിയിൽ നടന്ന അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.