കോട്ടയത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28നാണ് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. പാമ്പാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ് (കുമ്പന്താനം), മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് (ചീരംകുളം) കോട്ടയം ജില്ല പഞ്ചായത്ത് 17-ാം ഡിവിഷനിൽ (തൃക്കൊടിത്താനം) ഉൾപ്പെടുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 12, 16, 17, 18, 19 വാർഡുകൾ, പായിപ്പാട് ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 17 വരെ വാർഡുകൾ, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 22 വരെ വാർഡുകൾ, വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകൾ എന്നിവടങ്ങളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് സെപ്റ്റംബർ 27, 28 തീയതികളിൽ അവധിയായിരിക്കും. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളുമായ വെള്ളൂർ ടെക്നിക്കൽ സ്‌കൂളിനും ചങ്ങനാശേരി എസ്.ബി ഹയർ സെക്കൻഡറി സ്‌കൂളിനും വോട്ടെണ്ണൽ ദിനമായ സെപ്റ്റംബർ 29ന് അവധിയായിരിക്കും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സെപ്റ്റംബർ 28 വൈകീട്ട് ആറിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ 29നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ വോട്ടർമാരാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ വോട്ടു ചെയ്യുന്നതിന് മേലധികാരികൾ അനുമതി നൽകണമെന്നും കലക്ടർ അറിയിച്ചു.

സെപ്റ്റംബർ 28ന് രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 29ന് രാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ ഉത്തരവിൽ നിർദേശിച്ചിരിക്കുന്ന കേന്ദ്രത്തിൽ സെപ്റ്റംബർ 27ന് രാവിലെ പത്തിന് മുമ്പ് എത്തിച്ചേരണം.

Tags:    
News Summary - Kottayam Bypoll: Holiday for Offices, Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.