റസാഖ് പാലേരി, ജോൺ ബ്രിട്ടാസ്
കണ്ണൂർ: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കുന്നതിന് സംസ്ഥാന സർക്കാറിനും കേന്ദ്ര സർക്കാറിനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ജോൺ ബ്രിട്ടാസ് എം.പിയെ നിയമിച്ചതിലൂടെ വെളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാർ ദാസ്യമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സി.പി.എമ്മിന്റെ എം.പിമാരെ എന്ന് മുതലാണ് ആർ.എസ്.എസ്സുമായി ഡീലുണ്ടാക്കാനുള്ള ചുമതല ഏൽപ്പിച്ചതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. പി.എം ശ്രീ പദ്ധതിയിൽ കേരളത്തെ പണയപ്പെടുത്താനുള്ള സി.പി.എം നീക്കത്തിന് പിറകിൽ ഗൗരവസ്വഭാവത്തിലുള്ള ഗൂഢാലോചനകളും ആസൂത്രണങ്ങളും നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. സി.പി.എമ്മിന്റെ ആർ.എസ്.എസ് ബാന്ധവത്തെ കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.
ജോൺ ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തുവന്നിരുന്നു. കേരളത്തിൽ ബി.ജെ.പി-സി.പി.എം സഖ്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കാണാനാവുന്നത്. കണക്കുകൾ പരിശോധിച്ചാൽ 500ഓളം സീറ്റുകളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല. ഏറ്റവും കരുത്തരെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബി.ജെ.പിക്ക് 50 ഇടങ്ങളിൽ സ്ഥാനാർഥികളില്ല. ഇതെല്ലാം അഡ്ജസ്റ്റ്മെന്റാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ കരുത്തരായ സ്ഥാനാർഥികൾ ഉള്ളിടത്തെല്ലാം ബി.ജെ.പി ദുർബല സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. മറിച്ചും അങ്ങിനെയാണ്. ഇത് വളരെ ക്ളിയറാണ്, ബ്രിട്ടാസ് തന്നെയാണ് മോദിയും പിണറായിയും തമ്മിലുള്ള ചർച്ചകൾക്ക് ഇടനിലക്കാരനായി നിൽക്കുന്നത്.
പിണറായി ഡെൽഹിയിൽ വരുമ്പോൾ ബ്രിട്ടാസാണ് അപ്പോയിന്റ്മെൻറ് ഉൾപ്പെടെ ശരിയാക്കി നൽകുന്നതെന്നും മുരളീധരൻ പറഞ്ഞു. പല കാര്യങ്ങളിലും മോദിയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ബ്രിട്ടാസാണ്. കഴിഞ്ഞ ഒക്ടോബർ 10ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയപ്പോഴും ഇടനിലക്കാരൻ ബ്രിട്ടാസായിരുന്നു. ഈ ചർച്ചയിലാണ് പി.എം ശ്രീയിൽ ഒപ്പുവെക്കാൻ തീരുമാനിച്ചത്. പത്തിന് മുഖ്യമന്ത്രി ഡൽഹിയിലെത്തി ഇരുവരെയും കണ്ടതിന് പിന്നാലെ, 16-ാം തീയതിയാണ് ഉദ്യോഗസ്ഥർ പദ്ധതിക്കായി ഒപ്പുവെച്ചതെന്നും മുരളീധരൻ പറഞ്ഞു. 18ന് മന്ത്രി രാജൻ വിഷയം കാബിനറ്റിൽ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി കൈമലർത്തിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കേന്ദ്രം നടപ്പാക്കിയ പുതിയ വിദ്യാഭ്യാസ നവീകരണ പദ്ധതി ‘പി.എം ശ്രീ’യിൽ ഒപ്പുവെക്കുന്നതിന് കേരളത്തിനും കേന്ദ്രത്തിനുമിടയിൽ മധ്യസ്ഥനായി നിന്നത് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് ആണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. സർക്കാറുകൾക്കിടയിൽ പാലമായി നിന്നതിന് തന്റെ അടുത്ത സുഹൃത്തായ ജോൺ ബ്രിട്ടാസിനോട് വളരെയേറെ നന്ദിയുണ്ടെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. രാജ്യസഭയിൽ ചോദ്യോത്തര വേളയിലായിരുന്നു വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.