പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പരിഹാരത്തിനായി മലപ്പുറം എത്ര നാൾ കാത്തിരിക്കണം?

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നാൽ എല്ലാ വർഷവും മലപ്പുറത്ത് നിന്നുയരുന്ന ചോദ്യമാണ് പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമോ? ഏറെ കഷ്ടപ്പെട്ട് മികച്ച വിജയം നേടിയാലും ജില്ലയിലെ വിദ്യാർഥികൾക്ക് ആഗ്രഹിക്കുന്ന സ്കൂളിൽ ഇഷ്ടപ്പെട്ട കോഴ്സിന് അവസരം ലഭിക്കാത്ത കഥകളും നിരവധിയാണ്. ഈ വർഷവും ഇതിന് മാറ്റമൊന്നുമില്ല. ഓരോ വർഷവും വിജയിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുമ്പോഴും ആനുപാതികമായി സീറ്റ് വർധനവുണ്ടാകുന്നില്ല. കഴിഞ്ഞ വർഷം ജില്ലയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ എണ്ണം 75,554 ആയിരുന്നു. ഇത്തവണ 77,691 പേരാണ് വിജയിച്ചത്. 2137 പേർ വർധിച്ചു.

ഇവർക്കായി സയൻസ്-17,600, കോമേഴ്സ്-13,850, ഹ്യൂമാനിറ്റീസ്-10,500, വി.എച്ച്.എസ്.ഇ-2790 ഉൾപ്പെടെ 44,740 മെറിറ്റ് സീറ്റുകളാണ് ജില്ലക്ക് അനുവദിച്ചത്. നിലവിൽ വിജയിച്ചവരുടെ കണക്ക് എടുത്താൽ 32,951 പേർക്ക് മെറിറ്റ് സീറ്റിൽ അവസരം ലഭിക്കില്ല. ഐ.ടി.ഐ-1124, പോളിടെക്നിക്ക്-1360 മെറിറ്റ് സീറ്റുകളും ലഭ്യമാണ്. ഇത് ഉൾപ്പെടെ ജില്ലയിൽ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് എന്നിവയിലായി 47,224 മെറിറ്റ് സീറ്റുകളാണുള്ളത്. 30,467 പേർ ഉപരിപഠനത്തിന് മറ്റ് വഴികൾ തേടേണ്ടി വരും. അൺ എയ്ഡഡിലെ 11,275 കൂടി പരിഗണിച്ചാൽ 56,015 പേർക്ക് റഗുലർ കോഴ്സിന്‍റെ ഭാഗമായി പഠിക്കാനാകും.

എന്നാൽ, അൺ എയ്ഡഡിൽ ഉയർന്ന ഫീസ് നൽകേണ്ടി വരും. അപ്പോഴും 21,676 പേർക്ക് തുടർപഠനത്തിന് അവസരങ്ങളുണ്ടാകില്ല. കഴിഞ്ഞ വർഷം താൽക്കാലിക സീറ്റ് വർധനക്ക് ശേഷം 61,666 പേർക്കാണ് അവസരം ലഭിച്ചത്. ഇതിൽ അധിക സീറ്റുകൾ വന്നത് ഏറെ വൈകിയാണ്. ബാക്കിയുള്ളവർ ഓപൺ സ്കൂളിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കാലാകാലങ്ങളായി താൽക്കാലിക പരിഹാരമായി സീറ്റുകളിൽ ആനുപാതിക വർധനവ് വരുത്തിയും താൽക്കാലിക ബാച്ചുകളും അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിന് പരിഹാരമായി വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം കുറെ വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്. സർക്കാറിൽനിന്ന് അനുകൂല നിലപാട് നീളുന്നതോടെ പ്രശ്നപരിഹാരവും അകലെയാണ്.

Tags:    
News Summary - Plus one seat crisis in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.