പ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറം ഉൾപ്പെടെയുള്ള മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. നാളെ മുതൽ പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക നടപടികൾ ആരംഭിക്കാനിരിക്കെ, വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. താൽക്കാലിക പരിഹാരങ്ങൾക്ക് പകരം ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് അവരുടെ ആവശ്യം. നിലവിലുണ്ടായ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന വലിയ പ്രതീക്ഷയിലാണ് വിദ്യാർത്തികളും രക്ഷിതാക്കളും. പുതിയ സർക്കാരിന് മുന്നിലുള്ള ആദ്യത്തെ പ്രധാന വെല്ലുവിളിയും ഈ വിദ്യാഭ്യാസ പ്രതിസന്ധി തന്നെയാണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലബാറിലെ ആറ് ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇതിൽ മലപ്പുറം ജില്ലയിലാണ് സീറ്റ് പ്രതിസന്ധി കൂടുതൽ. ഇവിടെ മാത്രം 26,137 സീറ്റുകളുടെ കുറവുണ്ട്. പാലക്കാട് ജില്ലയിൽ 9,324 സീറ്റുകളുടെ കുറവുള്ളപ്പോൾ, മലബാറിലെ ആകെ സീറ്റ് ക്ഷാമം 53,164 ആണ്. കഴിഞ്ഞ തവണ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഒട്ടനവധി വിദ്യാർത്ഥികൾക്ക് ഓപ്പൺ സ്കൂളുകളെയും അൺഎയ്ഡഡ് സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടി വന്നിരുന്നു.
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമെന്നോണം കഴിഞ്ഞ വർഷങ്ങളിലെ 352 താൽക്കാലിക ബാച്ചുകൾ നിലനിർത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിൽ 314 ബാച്ചുകളും മലബാർ മേഖലയിലാണ്. എന്നാൽ 45 കുട്ടികൾ പഠിക്കേണ്ട ക്ലാസ് മുറികളിൽ 60 പേരെ വരെ ഇരുത്തേണ്ടി വരുന്നത് കുട്ടികളുടെ പഠനനിലവാരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതേസമയം തെക്കൻ കേരളത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ തവണ കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഏഴായിരത്തോളം പ്ലസ് വൺ സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.