മഞ്ചേരി: ജില്ലക്ക് നേട്ടമായി പ്ലാസ്മ തെറപ്പിയിലൂടെ കോവിഡ് മുക്തരായ രണ്ടുപേർ കൂടി ആശുപത്രി വിട്ടു. വേങ്ങര പൂച്ചോലമാട് മുഹമ്മദ് ഷിഹാബ് (36), താനാളൂർ കുട്ടത്തിൽ അബ്ദുൽ കരീം (56) എന്നിവരാണ് ആശുപത്രി വിട്ടത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എം.പി. ശശിയുടെ നേതൃത്വത്തിൽ ഇവർക്ക് യാത്രയയപ്പ് നൽകി.
ഇവർക്ക് പ്ലാസ്മ നൽകിയവരും ആശുപത്രിയിൽ യാത്രയാക്കാനെത്തി. കോട്ടക്കൽ കോഴിച്ചെന സ്വദേശിയായ മുഹമ്മദലി എന്ന മുത്തുവാണ് (48) ഷിഹാബിന് പ്ലാസ്മ നൽകിയത്. അബ്ദുൽ കരീമിന് തിരൂർ സ്വദേശി ഫുക്കാറും പ്ലാസ്മ നൽകി. പ്ലാസ്മ നൽകിയ മുഹമ്മദലിക്ക് ഷിഹാബിെൻറ കുടുംബം മധുരം സമ്മാനിച്ചു.
വിദേശത്തുനിന്ന് ജൂൺ 19ന് നാട്ടിലെത്തിയ ഷിഹാബിനെ 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിൽനിന്നെത്തിയ അബ്ദുൽ കരീമിന് മേയ് 22നാണ് രോഗം സ്ഥിരീകരിച്ചത്. മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു.
രോഗമുക്തരായ ഇരുവരും ആശുപത്രി ജീവനക്കാർക്ക് നന്ദി പറഞ്ഞാണ് മടങ്ങിയത്. പ്രിൻസിപ്പലിന് പുറമെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ, നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷീന ലാൽ, ആർ.എം.ഒ ഡോ. ജലീൽ വല്ലാഞ്ചിറ എന്നിവരും സംബന്ധിച്ചു.
22 പേർ കൂടി ആശുപത്രിയിലെത്തി പ്ലാസ്മ നൽകി
ആരോഗ്യപ്രവർത്തകരുടെ കരുതലിൽ തങ്ങൾക്ക് കിട്ടിയ പുതുജീവൻ മറ്റുള്ളവർക്കും കൈമാറുകയാണ് ജില്ലയിലെ കോവിഡ് മുക്തർ. ഗുരുതരാവസ്ഥയിലാകുന്ന കോവിഡ് രോഗികൾക്ക് ആവശ്യമായ പ്ലാസ്മ നൽകാൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വീണ്ടുമെത്തുകയാണ് അവർ. വെള്ളിയാഴ്ച 22 പേർ ആശുപത്രിയിലെത്തി പ്ലാസ്മ നൽകി. സ്വയം സന്നദ്ധമായാണ് ഓരോരുത്തരും ആശുപത്രിയിലെത്തിയത്. കോവിഡ് അതിജീവനത്തിന് തങ്ങളാൽ കഴിയുന്ന സഹായം നൽകുകയാണിവർ.
കൊളപ്പുറം എ.ആർ നഗർ ശറഫുദ്ദീൻ (43), കുറ്റിപ്പുറം സ്വദേശി സിജിത്ത് (28), വെളിമുക്ക് ആലുങ്ങൽ വീരാൻ കോയ (34), മൂന്നിയൂർ പാറേക്കാവ് ഷബീർ അലി (40), ഇരുമ്പുഴി സ്വദേശി സലീം (31), വളാഞ്ചേരി വലിയകുന്ന് ഫൈസൽ (41), കൊളത്തൂർ ആക്കപറമ്പ് വീട്ടിൽ യൂസുഫ് (28), ചങ്ങരംകുളം കിഴക്കര ശരീഫ് (42), മമ്പുറം സ്വദേശി സലീം (49), എടക്കര സ്വദേശിനി സിബ സജു (27), പുത്തൂർ പള്ളിക്കൽ നന്ദകുമാർ (37), വഴിക്കടവ് പാലാട് എബി ആൻറണി (26), എരുമുണ്ട പെരുമ്പത്തൂർ സുജിത്ത് (30), കടലുണ്ടി നഗരം മുഹമ്മദ് സഹദ് (24), ചങ്ങരംകുളം നിഷാദ് (34), വൈലത്തൂർ ജാസിം (40), കട്ടുപ്പാറ നിസാർ (36), തിരൂരങ്ങാടി പതിനാറിങ്ങൽ ഇസ്മായിൽ (35), ഒതുക്കുങ്ങൽ മുജീബ് റഹ്മാൻ (33), 108 ആംബുലൻസ് ജീവനക്കാരൻ കോഴിക്കോട് കക്കോടി സ്വദേശി ആദിൽ ശംറീദ് (24) എന്നിവരാണ് മെഡിക്കൽ കോളജിലെത്തി പ്ലാസ്മ നൽകിയത്.
കഴിഞ്ഞ ദിവസവും കോവിഡ് മുക്തരായ 23 പേർ പ്ലാസ്മ നൽകിയിരുന്നു. ജില്ലയിലെ കോവിഡ് രോഗികൾക്ക് പുറമെ ഇതര ജില്ലയിലുള്ളവർക്കും മഞ്ചേരിയിൽനിന്ന് പ്ലാസ്മ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.