അംഗസംഖ്യ കുറക്കും, വിദ്യാഭ്യാസ യോഗ്യത നിർബന്ധമാക്കും; പിഎസ്‌സിയിൽ വൻ അഴിച്ചുപണിക്ക് സർക്കാർ

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിൽ (പിഎസ്‌സി) വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. അംഗങ്ങളുടെ നിയമന രീതിയിലും അംഗസംഖ്യയിലും സമഗ്രമായ മാറ്റങ്ങൾ വരുത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. നിലവിലെ വിവാദങ്ങളുടെയും സുപ്രിംകോടതി നിർദ്ദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് പൊതുഭരണവകുപ്പ് ഇങ്ങനെയൊരു നിർദ്ദേശം തയ്യാറാക്കിയിരിക്കുന്നത്.

നിലവിൽ പിഎസ്‌സി അംഗങ്ങളാകുന്നതിന് പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളൊന്നും നിബന്ധനയില്ല. ഈ സ്ഥിതി മാറ്റി, ഉചിതമായ യോഗ്യതയുള്ളവർ മാത്രം കമ്മീഷനിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തും.നിലവിൽ 21 അംഗങ്ങളുള്ള പിഎസ്‌സിക്ക് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ കമ്മീഷനുകളെ അപേക്ഷിച്ച് അംഗസംഖ്യ വളരെ കൂടുതലാണ്. ഈ അംഗബലം കുറച്ച് കമ്മീഷനെ പരിമിതപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

ഇതുസംബന്ധിച്ച വിശദമായ നിർദ്ദേശങ്ങൾ പൊതുഭരണ വകുപ്പ് സെക്രട്ടറി തയ്യാറാക്കി വരികയാണ്. ഈ ഫയൽ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ പരിഗണനക്ക് എത്തും. തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകും.

അതേസമയം, പിഎസ്‌സി നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണവും ഊർജിതമായി നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അഡീഷണൽ സെക്രട്ടറി ഹരി, മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവരെ ക്രൈംബ്രാഞ്ച് പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പ്രകാരം ഇരുവർക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട് നാല് അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ചെയർമാന്റെ ചോദ്യം ചെയ്യൽ ഇതിന് ശേഷമായിരിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു

Tags:    
News Summary - Govt plans major overhaul in PSC; members to be reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.